സലാഹ് ഇഫക്ട്; ലിവർപൂൾ നഗരത്തിൽ ഇസ്‌ലാം വിരോധം ഗണ്യമായി കുറഞ്ഞു

ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്‌ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന റിപ്പോർട്ട്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കാര്യം പരാമർശിക്കുന്നത്. കുറ്റകൃത്യങ്ങൾ കുറഞ്ഞതിനു പുറമെ ലിവർപൂളിന്റെ ആരാധകർ ഇസ്ലാമോഫോബിയ നിറഞ്ഞ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് പകുതിയായി കുറഞ്ഞെന്നും ഇസ്ലാമിനോടുള്ള പരിചയം ലിവർപൂൾ കൗണ്ടിയിൽ വർധിച്ചുവരുന്നതായും സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റി ഇമിഗ്രേഷൻ പോളിസി ലാബ് നടത്തിയ പഠനത്തിൽ പറയുന്നു.

2017-ലാണ് ഇറ്റാലിയൻ ക്ലബ്ബ് എ.എസ് റോമയിൽ നിന്ന് സലാഹ് ഇംഗ്ലണ്ടിലേക്ക് കൂടുമാറിയത്. 2014 മുതൽ 2016 വരെ ചെൽസി ടീമംഗമായിരുന്നെങ്കിലും ഈജിപ്ഷ്യൻ താരത്തിന് കളിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നില്ല. 42 ദശലക്ഷം പൗണ്ട് എന്ന വൻതുകക്ക് ആൻഫീൽഡിലെത്തിയ താരം പിന്നീട് തുടർച്ചയായ മത്സരങ്ങളിൽ ഗോളടിച്ച് ശ്രദ്ധിക്കപ്പെട്ടു. ഇതിനകം 74 മത്സരങ്ങളിൽ നിന്നായി ലിവർപൂളിനു വേണ്ടി 54 ഗോൾ നേടിയ താരം ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു.

ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞതിൽ സലാഹിന്റെ വ്യക്തിത്വത്തിന് പങ്കുണ്ടെന്ന് അനുമാനിക്കാവുന്ന തെളിവുകളുണ്ടെന്നും മറ്റൊരിടത്തും ഇതുപോലെയുള്ള വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ‘മുൻധാരണകളും സ്വഭാവങ്ങളും തിരുത്താൻ വലിയ കൂട്ടമാളുകളെ സെലിബ്രിറ്റികളുടെ പെരുമാറ്റം സഹായിക്കാറുണ്ട്. സലാഹിന്റെ മികച്ച വ്യക്തിത്വം ഇവിടെ പ്രധാനമാണ്.’

‘സ്വതസിദ്ധമായ പുഞ്ചിരിയോടെ സലാഹ് ടീമംഗങ്ങളുമായി തമാശ പങ്കിടുന്നതും മൈതാനത്തിനു പുറത്ത് തന്റെ മകളെ കളിപ്പിക്കുന്നതും എതിരാളികളെ വരെ ബഹുമാനിക്കുന്നതും തന്റെ മുൻ ക്ലബ്ബുകൾക്കെതിരെ ഗോൾ നേടുമ്പോൾ ആഘോഷിക്കാതിരിക്കുന്നതും ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഒരു മുസ്ലിം കളിക്കാരന്റെ വ്യക്തിജീവിതം അടുത്തറിയുക വഴി ഇസ്ലാം മതം ഭീഷണിയാണെന്ന മുൻവിധി തിരുത്താൻ പലരും തയ്യാറായി.’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മത്സരങ്ങൾക്കു മുമ്പ് സലാഹ് പ്രാർത്ഥിക്കുന്നതും ഗോളടിച്ചാൽ സുജൂദ് ചെയ്ത് ആഘോഷിക്കുന്നതും, ഇത്തരം മതപരമായ പ്രവൃത്തികൾ ജനങ്ങളിൽ പരിചിതമാക്കാൻ സഹായിച്ചു. ലിവർപൂളിന്റെ മത്സരങ്ങൾക്കിടെ ആരാകർ മുസ്ലിം അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നത് പലപ്പോഴും ഉണ്ടായിട്ടുണ്ട്. – പഠനത്തിൽ പറയുന്നു.

ലണ്ടനിൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ജനവിഭാഗങ്ങളിലൊന്നാണ് മുസ്ലിംകൾ. ബ്രിട്ടീഷ് പൊതുജീവിതത്തിൽ തങ്ങളുടെ മുസ്‌ലിം വ്യക്തിത്വം വെളിപ്പെടുത്താൻ വളരെ കുറച്ചാളുകൾ മാത്രമേ തയ്യാറാകാറുള്ളൂവെന്നും സലാഹ് അത്തരത്തിലൊരാളാണെന്നും പഠനം പറയുന്നു. 25 പൊലീസ് സ്റ്റേഷനുകളിലെ 2015-2018 കാലയളവിലെ വിവരങ്ങളും പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ആരാധകരുടെ 15 ദശലക്ഷം ട്വീറ്റുകളും 8060 ലിവർപൂൾ ആരാധകരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്.