തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റുമരിച്ച സക്കീര്‍ ഹുസൈന് ഇതുവരെ സുരക്ഷിതമായി പിടിച്ചത് 348 പാമ്പുകളെ. 349ാമത്തെ മൂര്‍ഖന്‍ പാമ്പ് സകീറിന്റെ ജീവനുമെടുത്തു. 11 വര്‍ഷമായി പാമ്പുപിടുത്ത രംഗത്തുള്ള ആളാണ് മംഗലപുരം ശാസ്തവട്ടം റബീന മന്‍സിലില്‍ സകീര്‍ ഹുസൈന്. 30 വയസായിരുന്നു.
ഇതിനു മുമ്പും 12 തവണ കടിയേറ്റിട്ടുണ്ട്. എന്നാല്‍ അന്നെല്ലാം രക്ഷപ്പെട്ട സകീറിന് കഴിഞ്ഞ ദിവസം ഏറ്റ പാമ്പുകടിയെ തുടര്‍ന്ന് വായില്‍ നിന്ന് നുരയും പതയും വന്നു. ഒരു പക്ഷേ, പാമ്പ് അതിന് കഴിയുന്നതിന്റെ പരമാവധി വിഷം സകീറില്‍ ചീറ്റിക്കാണണം. എന്തെന്നാല്‍ പാമ്പിനെ പിടിച്ചു കഴിഞ്ഞും ഏറെ നേരം കാഴ്ചക്കാരായി നിന്നവര്‍ക്ക് അതിനെ പിടിച്ചുവെച്ച് കാണിച്ചു കൊടുക്കുകയായിരുന്നു. സ്വാഭാവികമായും പാമ്പിനുണ്ടാകുന്ന ദേഷ്യമാണ് സകീറിന്റെ ശരീരത്തില്‍ തീര്‍ത്തത്.
കടിച്ചു ഏറെ നേരം പിന്നെയും പാമ്പിനെ കാഴ്ചവസ്തു പോലെ സകീര്‍ ഉപയോഗിച്ചു. അതിനിടെ സുഹൃത്ത് മുകേഷിനെ വിളിച്ച് പാമ്പു കടിയേറ്റ വിവരം ധരിപ്പിച്ചു. ‘പാമ്പിന്റെ കടിയേറ്റു. മുന്‍പത്തെ പോലെ അല്ല, ഇത്തിരി പ്രശ്നമുണ്ട്. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്. എന്നെ ഉടനെ ആശുപത്രിയില്‍ എത്തിക്കണം, രക്ഷിക്കണം’ എന്നായിരുന്നു മുകേഷിനെ വിളിച്ച് സംസാരിച്ചത്. പിന്നീട് തളര്‍ന്നു വീഴുകയായിരുന്നു. കൈയില്‍ നിന്നു പാമ്പും രക്ഷപ്പെട്ടു. പിന്നീട് വാവ സുരേഷ് വന്നാണ് പാമ്പിനെ പിടികൂടിയത്.
ഞായര്‍ രാത്രി എട്ടരയോടെ നാവായിക്കുളം 28-ാം മൈല്‍ കാഞ്ഞിരംവിളയിലായിരുന്നു സംഭവം.