സകാത്ത് നിര്‍ബന്ധമാണ്…..

മാണിയൂര്‍ അഹമ്മദ് മൗലവി

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് നിസ്തുലമായ ഒരു ധനവിതരണ പദ്ധതിയാണ് ഇസ്‌ലാമിലെ സകാത്ത്. എന്നാല്‍ ഒരു മുസ്‌ലിമിന്റെ എല്ലാതരം ധനത്തിനും സമ്പത്തുകള്‍ക്കും സകാത്ത് നല്‍കേണ്ടതില്ല. ചില പ്രത്യേക വസ്തുക്കള്‍ക്ക് മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ.
പല വിധത്തിലുള്ള ശിക്ഷകളും മഹാമാരികളും സംഭവിച്ചേക്കാന്‍ ഇടവരുത്തുന്ന മഹാകുറ്റങ്ങള്‍ ഉദ്ധരിച്ച് കൊണ്ടുള്ള ഒരു സ്വഹീഹായ നബിവചനത്തില്‍ സകാത്ത് നല്‍കല്‍ മുതലിന് സംഭവിക്കുന്ന വലിയൊരു ധനനഷ്ടമായി കാണുന്ന അവസ്ഥ വരുന്നതിനെ കുറിച്ച് പറയുന്നുണ്ട്. സാന്ദര്‍ഭികമായി പ്രസ്തുത നബിവചനത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: പൊതുമുതല്‍ സ്വാര്‍ത്ഥത്തിന് വേണ്ടി ഉപയോഗിക്കപ്പെടുകയും സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട മുതല്‍ ആര്‍ജ്ജിത സ്വത്തായി ഗണിക്കപ്പെടുകയും സകാത്ത് നല്‍കല്‍ മുതലിന് സംഭവിക്കുന്ന ഭീമനഷ്ടമായി കണക്കാക്കുകയും ദീനിന് വേണ്ടിയല്ലാതെ ഭൗതിക നേട്ടങ്ങള്‍ക്ക് മാത്രമായി വിദ്യഅഭ്യസിക്കപ്പെടുകയും മാതാവിനെ ധിക്കരിച്ച് ഭാര്യക്ക് വഴിപ്പെടുകയും പിതാവിനെ അകറ്റി സുഹൃത്തിനെ അടുപ്പിക്കുകയും പള്ളികളില്‍ ശബ്ദകോലാഹലങ്ങള്‍ വെളിപ്പെടുകയും ഒരു ഗോത്രത്തലവന്‍ അവരില്‍ ഏറ്റവും വലിയ തെമ്മാടിയാവുകയും ഒരു ജനതയുടെ നായകന്‍ അവരില്‍ ഏറ്റവും വലിയ നികൃഷ്ടനാവുകയും ഒരാളുടെ ദ്രോഹത്തെ ഭയന്ന് അയാളെ ബഹുമാനിക്കപ്പെടുകയും വിനോദയന്ത്രങ്ങളും ഗായികമാരും വെളിപ്പെടുകയും മദ്യവും ലഹരി വസ്തുക്കളും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന അവസ്ഥ വ്യാപകമാവുകയും മുന്‍ഗാമികളെ പിന്‍ഗാമികള്‍ ആക്ഷേപിക്കുകയും എല്ലാം ചെയ്യുന്ന കാലം വന്നാല്‍ ആപത്തുകളും മഹാമാരികളുമുണ്ടാക്കിത്തീര്‍ക്കുന്ന കാറ്റിനെയും ഭൂകമ്പത്തെയും ഭൂമിയില്‍ ആഴ്ത്തപ്പെടലിനെയും മനുഷ്യര്‍ക്ക് രൂപമാറ്റം സംഭവിക്കലിനെയും എടുത്തെറിയുന്ന കാറ്റിനെയും ചരടറ്റ മാലയില്‍ നിന്ന് മണികള്‍ വീഴുന്നതു പോലെയുള്ള നാശാടയാളങ്ങളെയും പ്രതീക്ഷിച്ച് കൊള്ളട്ടെ (തുര്‍മുദി).

പ്രസ്തുത ഹദീസില്‍ സകാത്ത് നല്‍കല്‍ മുതലിന് സംഭവിക്കുന്ന ഭീമനഷ്ടമായി കണക്കാക്കുന്നവരെ കുറിച്ച് വ്യക്തമായ പരാമര്‍ശം കാണാവുന്നതാണ്.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. സകാത്തിന്റെ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ശക്തിയായ കല്‍പ്പനകളുണ്ട്. സകാത്ത് നല്‍കുന്നതില്‍ കൃത്യമായ ശ്രദ്ധചെലുത്തല്‍ നമ്മുടെ ബാധ്യതയാണ്.

സകാത്ത് നിര്‍ബന്ധമാകുന്ന വസ്തുക്കള്‍
.സ്വര്‍ണ്ണം
85 ഗ്രാം അതായത് പത്ത് പവനും 5 ഗ്രാമും സ്വര്‍ണ്ണം ഒരാളുടെ കൈവശം ഒരു കൊല്ലം പൂര്‍ണ്ണമായും ഉണ്ടെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. അതില്‍ താഴെ കൈവശമുള്ളതിന് സകാത്ത് കൊടുക്കേണ്ടതില്ല. മേല്‍പറഞ്ഞ തൂക്കത്തിനും അതില്‍ കൂടുതല്‍ വരുന്നതിനും മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ. അതിന്റെ നാല്‍പതില്‍ ഒരു ഭാഗം മാത്രമാണ് സകാത്തായി നല്‍കേണ്ടത്. അഥവാ ചെറിയൊരു ശതമാനം മാത്രം.

.വെള്ളി
595 ഗ്രാം വെള്ളി ഒരാളുടെ കൈവശം ഒരു കൊല്ലം പൂര്‍ണ്ണമായും ഉണ്ടെങ്കില്‍ അതിനും സകാത്ത് നല്‍കേണ്ടതാണ്. സ്വര്‍ണ്ണം പോലെതന്നെ നാല്‍പ്പതില്‍ ഒരു ഭാഗം മാത്രമാണ് നല്‍കേണ്ടത്. എന്നാല്‍ സ്ത്രീകളുടെ അനുവദനീയമായ ആഭരണത്തിന് സകാത്ത് നല്‍കേണ്ടതില്ല. സ്ത്രീകളുടെ ഭംഗിക്ക് വേണ്ടി എത്രതന്നെയായാലും അത് മിതവും അനുവദനീയവുമാകുന്നു. അഭംഗിയാകത്തക്കവണ്ണം അമിതമായാല്‍ അതിന് സകാത്ത് നല്‍കേണ്ടതാണ്. അലങ്കാരത്തിന് വേണ്ടിയാണ് സ്ത്രീകള്‍ ആഭരണം ധരിക്കുന്നത്. അത് അമിതമായാല്‍ അലങ്കാരമാവുകയില്ലല്ലോ? ചുരുക്കത്തില്‍ അലങ്കാരത്തിനാവശ്യമാണെന്ന് തോന്നുന്നത് എത്രയും അനുവദനീയവും മിതവുമാണ്. അതിന് സകാത്ത് നല്‍കേണ്ടതില്ല. ശാഫിഈ മദ്ഹബിലെ എല്ലാ ഫിഖ്ഹ് ഗ്രന്ഥങ്ങളും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഭരണങ്ങള്‍ എപ്പോഴും ധരിച്ച് നടക്കണമെന്നില്ല. ധരിക്കാന്‍ വേണ്ടി സൂക്ഷിച്ചു വെക്കുന്നതിനും സകാത്ത് നല്‍കേണ്ടതില്ല. മകളുടെ വിവാഹത്തിന് വേണ്ടി പിതാവ് വാങ്ങി സൂക്ഷിച്ച് വെച്ച ആഭരണത്തിനും സകാത്ത് നല്‍കേണ്ടതില്ലെന്ന് താല്‍പര്യം

.നാണയങ്ങള്‍
മുന്‍കാലങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയും തന്നെയായിരുന്നു നാണയങ്ങള്‍. എന്നാല്‍ ഇന്ന് അതിന്റെ സ്ഥാനത്ത് ഉപയോഗിച്ച് വരുന്നത് ഡോളര്‍, ദിര്‍ഹം, റിയാല്‍, രൂപ തുടങ്ങിയ നോട്ടുകളും നാണയങ്ങളുമാണല്ലോ? അതിനാല്‍ സ്വര്‍ണ്ണത്തിന്റെയോ വെള്ളിയുടെയോ വില കണക്കാക്കിയാണ് കറന്‍സി നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും സകാത്ത് കൊടുക്കേണ്ടത്. എന്നാല്‍ സ്വര്‍ണ്ണത്തിന് വെള്ളിയേക്കാള്‍ ഇന്ന് വില വളരെയധികം കൂടിയതിനാല്‍ വെള്ളിയുടെ വിലയാണ് നാണയങ്ങളുടെ സകാത്തിന് ഇന്ന് കണക്കാക്കപ്പെടേണ്ടത്. അഥവാ 595 ഗ്രാം വെള്ളിയുടെ വിലയോ അതില്‍ കൂടുതലോ പണം ഒരാളുടെ അധീനത്തില്‍ ഒരു കൊല്ലം പൂര്‍ണ്ണമായും ഉണ്ടായാല്‍ അതിന്റെ നാല്‍പ്പതില്‍ ഒരു ഭാഗം സകാത്ത് നല്‍കേണ്ടതാണ്.
മേല്‍പറഞ്ഞ പ്രകാരമുള്ള സംഖ്യ കടം നല്‍കിയത് കിട്ടാനുണ്ടെങ്കില്‍ അതിനും സകാത്ത് നല്‍കേണ്ടതാണ്. അതുപോലെ മേല്‍പറഞ്ഞ പ്രകാരമുള്ള സംഖ്യ സ്വത്തിനോ മറ്റോ അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷം തികയുമ്പോള്‍ അതിന് സകാത്ത് നല്‍കേണ്ടതാണ്. അതുപോലെ ജോലികള്‍ക്കോ കോഴ്‌സുകള്‍ക്കോ കെട്ടിവെക്കുന്ന സംഖ്യ സകാത്തിന്റെ തുകയുണ്ടെങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിനും സകാത്ത് കൊടുക്കേണ്ടതാണ്. കുറിവെക്കുന്ന സംഖ്യ കണക്കും വര്‍ഷവും തികയുമ്പോള്‍ സകാത്ത് നല്‍കേണ്ടി വരും.

.കച്ചവടം
കച്ചവടം ആരംഭിക്കുമ്പോള്‍ കച്ചവടം തുടങ്ങുന്ന തീയതി കുറിച്ചുവെക്കണം. അങ്ങനെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം ഷോപ്പിലെ എല്ലാ കച്ചവട സാധനങ്ങളുടെയും ആ ദിവസത്തെ നിലവാരമനുസരിച്ചുള്ള വില കെട്ടുകയും അത് വെള്ളിയുടെ സകാത്തില്‍ പറഞ്ഞ 595 ഗ്രാം വെള്ളിയുടെ വിലക്ക് സമാനമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം അഥവാ നാല്‍പ്പതില്‍ ഒരു ഭാഗം സകാത്തായി നല്‍കേണ്ടതാണ്.

.മറ്റ് ഇനങ്ങള്‍
ആട്, മാട്, ഒട്ടകം എന്നീ മൂന്നുതരം കന്നുകാലികള്‍ക്ക് സകാത്ത് നല്‍കേണ്ടതുണ്ട്. നെല്ല്, ഗോതമ്പ് പോലെയുള്ള കൃഷിവിളകള്‍ക്കും സകാത്ത് നല്‍കേണ്ടതുണ്ട്. അടക്ക, തേങ്ങ, കുരുമുളക്, കശുവണ്ടി തുടങ്ങിയ സാധനങ്ങള്‍ക്കും ഭൂസ്വത്തിനും സകാത്ത് നല്‍കേണ്ടതില്ല. അവയില്‍ നിന്നും ലഭിക്കുന്ന വരുമാനം 595 ഗ്രാം വെള്ളിയുടെ വിലക്ക് സമാനമാവുകയും ആ സംഖ്യ ഒരു കൊല്ലം പൂര്‍ണ്ണമായും അധീനത്തില്‍ ഉണ്ടാവുകയും ചെയ്താല്‍ സകാത്ത് കൊടുക്കണം.

.റിയല്‍ എസ്റ്റേറ്റുകാര്‍
പറമ്പുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സകാത്ത് നല്‍കേണ്ടതില്ലെങ്കിലും വില്‍പ്പനക്ക് വേണ്ടി വാങ്ങി വെച്ചതായതിനാല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ അവയ്ക്ക് ഒരു കൊല്ലം തികയുമ്പോള്‍ അന്നത്തെ വില കണക്കാക്കി കച്ചവടത്തിന്റെ സകാത്ത് നല്‍കേണ്ടതാണ്.

.ഫിത്്വര്‍ സകാത്ത്
ധനിക – ദരിദ്ര വ്യത്യാസമന്യേ പെരുന്നാള്‍ രാപ്പകലിലേക്കാവശ്യമായ ചെലവുകള്‍ കഴിച്ചു ധനം ബാക്കി വരുന്നവരെല്ലാം അവര്‍ക്കും അവരുടെ ബാധ്യതയിലുള്ളവര്‍ക്കും വേണ്ടി നാട്ടില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്ന നല്ലയിനം ധാന്യങ്ങളില്‍ നിന്നും ഒരാള്‍ക്ക് ഒരു സ്വാഅ് (3 ലിറ്റര്‍ 200 മില്ലി ലിറ്റര്‍) വീതം ഫിത്്വര്‍ സകാത്ത് കൊടുക്കണം.
ശവ്വാല്‍ മാസപ്പിറവിയോടു കൂടിയാണ് ഫിത്്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ റമസാന്‍ ഒന്ന് മുതല്‍ തന്നെ അവകാശികള്‍ക്ക് വിതരണം ചെയ്യല്‍ അനുവദനീയമാണ്. എന്നാല്‍ അങ്ങനെ മുന്‍കൂട്ടി കൊടുക്കുന്നവര്‍ നിര്‍ബന്ധമാകുന്ന ഘട്ടത്തില്‍ കൊടുക്കാനുള്ള അര്‍ഹതയിലും വാങ്ങിയവര്‍ വാങ്ങാനുള്ള അര്‍ഹതയിലും ഉണ്ടായിരിക്കണം. പെരുന്നാള്‍ ദിവസം രാവിലെ നിസ്‌കാരത്തിന് മുമ്പ് തന്നെ സകാത്ത് വിതരണം ചെയ്യലാണ് ഏറ്റവും ഉത്തമം. കാരണം കൂടാതെ പെരുന്നാള്‍ ദിവസത്തെയും വിട്ട് പിന്തിക്കല്‍ ഹറാമാണ്.
ഖുര്‍ആനില്‍ പറയപ്പെട്ട എട്ട് വിഭാഗം അവകാശികളില്‍പ്പെട്ടവര്‍ക്കാണ് എല്ലാ സകാത്തുകളും നല്‍കേണ്ടത്. സകാത്ത് മുതല്‍ അവകാശികള്‍ വന്ന് വാങ്ങുന്നത് പോലെ തന്നെ അവകാശികള്‍ക്ക് എത്തിച്ച് കൊടുക്കാനും ഫിഖ്ഹിന്ന് വിരുദ്ധമല്ലാത്ത മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.

SHARE