ഇന്ത്യയുടെ ഭാവി ഇനി ജനങ്ങള്‍ നിര്‍വചിക്കും: സെയ്ഫ് അലി ഖാന്‍


പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച് പ്രമുഖ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ‘ഇന്ത്യയ്ക്ക് ഇനി സ്വയം നിര്‍വ്വചിക്കേണ്ടതുണ്ട്. രാജ്യത്തെ നിയമ വ്യവസ്ഥയോ സര്‍ക്കാരോ എല്ലാത്തിലുമുപരി ഇവിടുത്തെ ജനങ്ങളോ ഇന്ത്യയെ നിര്‍വ്വചിക്കും. എത്തരത്തിലുള്ള അന്തരീക്ഷത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് നാം അറിയും’, വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു. ‘നമുക്ക് ഉത്കണ്ഠയുണ്ടാക്കുന്ന പല കാര്യങ്ങളുമുണ്ട്. കണ്ടിരിക്കുമ്പോള്‍ ഇവയൊക്കെ എങ്ങനെയാവും അവസാനിക്കുകയെന്ന ആശ്ചര്യമാണ് തോന്നുന്നത്’, സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

ഫര്‍ഹാന്‍ അക്തര്‍, പരിണീതി ചോപ്ര, അനുരാഗ് കശ്യപ്, ഷബാന ആസ്മി തുടങ്ങി ബോളിവുഡില്‍ നിന്നുള്ള നിരവധിപേര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിലപാടെടുത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ മൗനം പുലര്‍ത്തുന്ന മുന്‍നിര താരങ്ങള്‍ക്കെതിരേ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധിക്കാനും പ്രതിഷേധിക്കാതിരിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് സെയ്ഫ് അഭിമുഖത്തില്‍ പറഞ്ഞു. ‘സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അങ്ങനെ ചെയ്യാതിരിക്കാനും’, സെയ്ഫ് പറഞ്ഞു.

എന്നാല്‍ ഈ വിഷയങ്ങളെക്കുറിച്ച് കൃത്യമായ നിലപാടെടുക്കാന്‍ തനിക്ക് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ എനിക്ക് വ്യക്തിപരമായി പ്രതിഷേധമുള്ള കാര്യങ്ങളുമായി ചേര്‍ന്നുപോയിരുന്നെങ്കിലെന്ന് ആഗ്രഹമുണ്ട്. ചിലപ്പോള്‍ മറ്റുരീതികളിലുള്ള പ്രതിഷേധങ്ങളിലാവും എന്റെ വിശ്വാസം എത്തിച്ചേരുക. ഇപ്പോള്‍ അത് പറയാനാവില്ല. എന്തിനെതിരായാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളെന്നും അത് ഇങ്ങനെതന്നെയാണോ നടക്കേണ്ടതെന്നും ഉറച്ച ബോധ്യം ഉണ്ടാകുന്നതുവരെ എനിക്ക് ചിന്തിക്കേണ്ടതുണ്ട്’, സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

SHARE