ഷെഹീന്‍ബാഗിനെതിരെ വ്യാജപ്രചരണം; ഒരു കോടി നഷ്ടപരിഹാരം തേടി ബി.ജെ.പി ഐ.ടി സെല്ലിന് നോട്ടീസ്

ന്യൂഡല്‍ഹി: ഷെഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ സമൂഹമാധ്യമം വഴി വ്യാജപ്രചരണം നടത്തിയതിന് ബി.ജെ.പി ഐ.ടി സെല്ലിന് നോട്ടീസ്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദിവസം 500-700 രൂപ നല്‍കുന്നത് കൊണ്ടാണ് പ്രതിഷേധത്തിനെത്തുന്നതെന്ന പ്രചരണത്തിനെതിരെയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

വ്യാജപ്രചരണത്തിന് ബി.ജെ.പി ഐ.ടി സെല്‍ ഹെഡ് അമിത് മാളവയ്‌ക്കെതിരെ മാനനഷ്ടത്തിന് ഒരു കോടി രൂപയുടെ വക്കീല്‍ നോട്ടീസും പ്രതിഷേധക്കാര്‍ അയച്ചു. വ്യാജവാര്‍ത്ത നല്‍കിയതിനപ്പുറം ദേശീയ അന്തര്‍ദേശീയ സമൂഹത്തില്‍ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ശ്രമിച്ചതായും അയച്ച നോട്ടീസില്‍ പറയുന്നു.

ഷെഹീന്‍ബാഗില്‍ പ്രതിഷേധത്തിന് ഭാഗമാകുന്നവര്‍ക്ക് 500 മുതല്‍ 700 രൂപവരെ നല്‍കുന്നതായുള്ള വ്യാജ പ്രചരണം സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്റര്‍ വഴി വീഡിയോ രൂപേണ പോസ്റ്റുചെയ്‌തെന്നും അത് നിരവധിയിടത്ത് പ്രചരിപ്പിച്ചെന്നുമാണ് ബിജെപി സെല്ലിനെതിരെയുള്ള ആരോപണം.

ഷെഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്ന നഫീസ ബാനു, ഷഹ്‌സാദ് ഫാത്തിമ എന്നീ വനിതകളാണ് ബിജെപിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. വിഷയത്തില്‍ ഇന്ന് വൈകീട്ട് ഇവര്‍ പത്രസമ്മേളനും നടത്തും.