കരാര്‍ ദീര്‍ഘിപ്പിച്ചു; സഹല്‍ 2025 വരെ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും


കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാര്‍ പുതുക്കി. 2025 വരെയാണ് ക്ലബ് താരവുമായി കരാര്‍ ദീര്‍ഘിപ്പിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ഈ കണ്ണൂരുകാരനെ ഇന്ത്യന്‍ ഓസില്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇക്കൊല്ലം താരം എടികെയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ തള്ളിയാണ് ഇപ്പോള്‍ കരാര്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. 2018ലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്.

യുഎഇയിലെ അല്‍-ഐനിലാണ് സഹല്‍ ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ചു. ഹയര്‍ സെക്കണ്ടറി വരെയുള്ള യുഎഇ ജീവിതത്തിനിടയില്‍ അല്‍ഐന്‍ എത്തിഹാദ് അക്കാദമിയിലും ജി 7 അല്‍ഐനിലുമായി പന്ത് തട്ടിപ്പഠിച്ച സഹല്‍ കോളേജ് പഠനത്തിനായി കേരളത്തിലെത്തി. പയ്യന്നൂര്‍ കോളേജ് ടീമില്‍ ഇടം നേടിയ സഹല്‍ കണ്ണൂര്‍ സര്‍വകലാശാല ടീമിലെത്തുകയും അതു വഴി 2017 സന്തോഷ് ട്രോഫി ടീമിലെത്തുകയും ചെയ്തു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ഗംഭീര പ്രകടനം പുറത്തെടുത്ത സഹല്‍ താമസിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമില്‍ ഇടം പിടിച്ചു. സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ 10 മത്സരങ്ങള്‍ കളിച്ച സഹല്‍ 7 ഗോളുകള്‍ നേടി. സെക്കന്‍ഡ് ഡിവിഷനിലെ മികച്ച പ്രകടനം സഹലിനെ സീനിയര്‍ ടീമിലെത്തിച്ചു.

സഹലിന്റെ ആദ്യ പ്രൊഫഷണല്‍ ക്ലബായിരുന്നു ബ്ലാസ്റ്റേഴ്‌സ്. വളരെ വേഗം മികച്ച കളിക്കാരനെന്നു പേരെടുത്ത സഹല്‍ ഏറെ വൈകാതെ ഇന്ത്യന്‍ ടീമിലും കളിച്ചു. 2018ലെ മികച്ച യുവതാരമായി എഐഎഫ്എഫ് സഹലിനെ തിരഞ്ഞെടുത്തിരുന്നു.

ബ്ലാസ്റ്റേഴ്‌സിനായി 37 മത്സരങ്ങള്‍ കളിച്ച സഹല്‍ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 9 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞു.