സഹല്‍ അബ്ദുല്‍ സമദ് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി മികവുറ്റ പ്രകടനം നടത്തിയ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദ് അടുത്ത മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി തന്നെ അണിയും. താരവുമായി അടുത്ത മൂന്ന് വര്‍ത്തേക്ക് കൂടി (2022 വരെ) ക്ലബ്ബ് കരാറൊപ്പിട്ടു. ടീമിന്റെ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം സീസണായിരുന്നിട്ടും ആശാവഹമായ പ്രകടനമായിരുന്നു സഹലിന്റേത്. സീസണിലെ ഏറ്റവും മികച്ച ഭാവി താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഹല്‍ തന്നെ. സൂപ്പര്‍ ലീഗിലെ പ്രകടനം സഹലിന് ഇന്ത്യയുടെ അണ്ടര്‍-23 ടീമിലേക്കും വഴിയൊരുക്കി. രണ്ടു വര്‍ഷം മുമ്പ് സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി നടത്തിയ മികവാണ് കണ്ണൂര്‍ സ്വദേശിയായ താരത്തെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിലെത്തിച്ചത്. ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനിലായിരുന്നു മഞ്ഞപ്പടക്കായുള്ള അരങ്ങേറ്റം. അറ്റാക്കിങ് മിഡ്ഫീല്‍ഡിലെ മികവ് ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ടീമിലെത്തിച്ചു. ആരാധകര്‍ക്കിടയില്‍ ഇന്ത്യന്‍ ഓസില്‍ എന്ന പേരും വീണു. ബ്ലാസ്‌റ്റേഴ്‌സിനായി ഇതുവരെ 16 മത്സരങ്ങള്‍ കളിച്ച 22കാരന്‍ ഒരു ഗോളും നേടിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേ ഫുട്‌ബോളായിരുന്നു എന്റെ വികാരം, സ്വന്തം നാടിനായി കളിക്കുന്നു എന്നതിലപ്പുറം മറ്റൊരു സന്തോഷമോ അഭിമാനമോ ഇല്ല-സഹല്‍ പ്രതികരിച്ചു.