വിക്കറ്റ് കീപ്പിങില്‍ ധോണിക്ക് സാധിക്കാത്ത അപൂര്‍വ്വ നേട്ടവുമായി വൃദ്ധിമാന്‍ സാഹ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് അപൂര്‍വ്വ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഇന്ത്യന്‍ താരത്തിനുള്ള റെക്കോര്‍ഡാണ് സാഹ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ പത്തുപേരെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചാണ് സാഹ താരമായത്. വിക്കറ്റിന് പിന്നില്‍ പത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സമാന്മാരെ കൈപ്പിടിയിലൊതുക്കിയാണ് സാഹ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതോടെ ഒരു ടെസ്റ്റ് മത്സരത്തില്‍ ഒമ്പത് ക്യാച്ചുകളുള്ള മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡ് പഴങ്കഥയായി. 2014 ഡിസംബറില്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ ധോണി നേടിയ ഒന്‍പതു വിക്കറ്റ് നേട്ടമാണ് സാഹ മറികടന്നത്.
ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് വീതം ബാറ്റ്‌സ്മാന്‍മാരെയാണ് സാഹ മടക്കി അയച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ അശ്വിന്‍ ബോളില്‍ കംഗോസോ റാസഡയെ പുറത്താക്കിയ ക്വാച്ചാണ് പത്തില്‍ മികച്ചതായി നിന്നത്.

സാഹയുടെ പുറത്താക്കല്‍ എല്ലാ ക്യാച്ചുകളും ആയിരുന്നു. എന്നാല്‍ ഒരു സ്റ്റമ്പിങ് കൂടി ഉള്‍പ്പെടുന്നതാണ് ധോണിയുടെ നേട്ടം. ആദ്യമായാണ് 33 കാരനായ സാഹ ഒരു ടെസ്റ്റില്‍ പത്ത് ക്യാച്ചുകള്‍ നേടുന്നത്.