“എന്റെ പിതാവ് വീണ്ടും സ്വതന്ത്രനായി”; പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ലയുടെ മകള്‍ സഫിയ

ന്യൂഡല്‍ഹി: മുതിര്‍ന്ന കശ്മീര്‍ നേതാവ് ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തായതില്‍ പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ലയുടെ മകള്‍ സഫിയ അബ്ദുള്ള ഖാന്‍. വെറും ഏഴ് വാക്കുകള്‍ കൊണ്ടാണ് ഏഴ് മാസത്തിന് ശേഷമുള്ള സര്‍ക്കാര്‍ നടപടിയെ സഫിയ സംഗ്രഹിച്ചത്,

‘എന്റെ പിതാവ് വീണ്ടും ഒരു സ്വതന്ത്ര മനുഷ്യന്‍ ആയി.’ എന്നായിരുന്നു സഫിയയുടെ ട്വീറ്റ്.

ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശ പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പിതാവുള്‍പ്പടെ സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളെ തടങ്കലിലാക്കിയതിനെതിരേ തെരുവില്‍ പ്രതിഷേധവുമായി സഫിയയും രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയും മകളും ഉള്‍പ്പെടെ ഒരു ഡസനോളം വനിതകളെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരു്ന്നു്. ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ അബ്ദുല്ല, മകള്‍ സഫിയ അബ്ദുല്ല, ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ബഷീര്‍ അഹ്മദ് ഖാന്‍ തുടങ്ങിയവരുടെ നേതൃതത്വത്തില്‍ പ്രമുഖ വനിതാ പ്രവര്‍ത്തകരും അക്കാദമിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്ത് അഞ്ചുമുതല്‍ ഞങ്ങള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ടിരിക്കുകയാണെന്നു സുരയ്യ അബ്ദുല്ല പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടികിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് മോചിതനാക്കുന്നത്. ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഉത്തരവിറക്കിയത്.

2 019 ഓഗസ്റ്റ് 5 ലെ നടപടിക്ക് പിന്നാലെ ഫാറൂഖ് അബ്ദുല്ലയെയാണ് ആദ്യമായി തടങ്കലിലാക്കിയത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമപ്രകാരമായിരുന്നു 83കാരനായ മുന്‍ മുഖ്യമന്ത്രിയുടെ അറസ്റ്റ്. അതേ സമയം അതേസമയം, അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയും പിഡിപി മേധാവി മെഹബൂബ മുഫ്തിയും അടക്കം നിരവധി നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്.