ആരോഗ്യസേതു ആപ്പില്‍ സുരക്ഷാപിഴവ് ഉണ്ടെന്ന് ആധാറിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ഹാക്കര്‍


കൊവിഡ് രോഗബാധിതരെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇദേഹം ആരോഗ്യസേതുവില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ആരോപിച്ചത്. നേരത്തെ ആധാറിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ആളാണ് റോബര്‍ട്ട് ബാപ്റ്റിസ്റ്റ്.

‘നിങ്ങളുടെ ആപ്പില്‍ ഒരു സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണ്. എന്നെ വ്യക്തിപരമായി ബന്ധപ്പെടാന്‍ കഴിയുമോ? രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയായിരുന്നു.’- ആരോഗ്യസേതു ആപ്പിനെ ടാഗ് ചെയ്ത് റോബര്‍ട്ട് കുറിച്ചു. എലിയട്ട് ആന്‍ഡേഴ്‌സണ്‍ എന്ന തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

എന്നാല്‍ ആപ്പില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ആരോഗ്യസേതു ടീം പറയുന്നത്. എന്തൊക്കെയാണ് ആപ്പിലെ പിഴവുകള്‍ എന്ന് റോബര്‍ട്ട് പരസ്യമായി അറിയിച്ചിരുന്നില്ല. എന്നാല്‍ റോബര്‍ട്ട് ചൂണ്ടിക്കാട്ടിയ പിഴവുകള്‍ അക്കമിട്ട് ആരോഗ്യസേതു ടീം നിഷേധിച്ചു. വ്യക്തിവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനം എന്നും ആരോഗ്യസേതു സാങ്കേതിക വിഭാഗം പറയുന്നു.

SHARE