സഫീര്‍ വധത്തില്‍ ഇതുവരെ പിടിയിലായത് ആറു പേര്‍

പിടിയിലായ സൈഫ് അലി എന്ന സൈഫു (22)

മണ്ണാര്‍ക്കാട്: സി.പി.ഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയ മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്‌ലിംലീഗ് അംഗം വരോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകനും, എം.എസ്.എഫ് പ്രവര്‍ത്തകനുമായ സഫീറിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍.
കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ സൈഫ് അലി എന്ന സൈഫു (22) വിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ആറായി. തിങ്കളാഴ്ച അറസ്റ്റിലായ സൈഫ് അലിയുടെ ഓട്ടോറിക്ഷയിലാണ് കൊലയാളി സംഘം സംഭവം നടന്ന ഞായറാഴ്ച ഉച്ച മുതല്‍ സഞ്ചരിച്ചിരുന്നത്. സംഭവ സ്ഥലത്ത് പ്രതികളെ എത്തിച്ചതും സൈഫ് അലിയാണ്.

സംഭവത്തെ കുറിച്ച് സൈഫ് അലിക്ക് വ്യക്തമായി അറിവുണ്ടായിരുന്നതായും അന്വേഷണ സംഘം പറഞ്ഞു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് പിടികൂടിയട്ടുണ്ട്. കുന്തിപ്പുഴ തച്ചംകുന്നന്‍ വീട്ടില്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടില്‍ മുഹമ്മദ് ഷാര്‍ജിന്‍ എന്ന റിച്ചു (20), മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിന് സമീപം താമസിക്കുന്ന മുളയങ്കായില്‍ വീട്ടില്‍ റാഷിദ് (24), ചോമേരി ഗാര്‍ഡന്‍ കോലോത്തൊടി വീട്ടില്‍ മുഹമ്മദ് സുബ്ഹാന്‍ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ വീട്ടില്‍ അജീഷ്.പി എന്ന അപ്പുട്ടന്‍ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 25ന് കോടതിപ്പടിയിലെ സഫീറിന്റെ ന്യൂയോ ര്‍ക്ക് ജെന്റ്‌സ് തുണിക്കടയിലാണ് സി.പി.ഐ ഗുണ്ടകള്‍ കുത്തികൊലപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുളളതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഓട്ടോറിക്ഷയില്‍ മറ്റ് രണ്ടുപേര്‍ കൂടിയുണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
സഫീറിനെ കുത്തിയ ബഷീറിന് കൊലപാതകത്തിലേക്ക് നയിക്കാവുന്ന വ്യക്തി വിരോധമൊന്നുമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റും ഉടനെ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.