ദുബൈ: ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക് സ്ഥാപകനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഹാജ് സഈദ് ബിന്‍ അഹ്മദ് അല്‍ ലൂത്ത അന്തരിച്ചു. പ്രമുഖ വ്യവസായികൂടിയായിരുന്ന അദ്ദേഹത്തിന് 97 വയസായിരുന്നു. 1923 ല്‍ ദുബൈയില്‍ ജനിച്ച സഈദ് ലൂത്ത യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച ആളാണ്. 1975 ലാണ് ലോകത്തെ ആദ്യത്തെ ആധുനിക ഇസ്ലാമിക് ബാങ്കായ ദുബൈ ഇസ്ലാമിക് ബാങ്കിന് അദ്ദേഹം രൂപം നല്‍കിയത്.
ദുബൈ കണ്‍സ്യൂമര്‍ കോഓപറേറ്റീവ്, ദുബൈ ഇസ്ലാമിക് ബാങ്ക് എന്നിവ സ്ഥാപനങ്ങളും സൊസൈറ്റികളും സംഘടനകളും സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1983ല്‍ ഇസ്ലാമിക് എഡുകേഷന് സ്കൂളും 86 ല്‍ പെണ്‍കുട്ടികള്‍ക്കായി ദുബൈ മെഡിക്കല്‍ കോളജും സ്ഥാപിച്ചു.

നാവികന് എന്ന നിലയില്‍ നിന്ന് വന്‍ വ്യവസായിയായി മാരിയ ലൂത്തയുടെ ജീവിതം ചരിത്രമാണ്. 1956 ല്‍ സഹോദരനുമൊത്ത് എസ്.എസ് ലൂത്ത കോണ്‍ട്രാക്ടിങ് കമ്പനി തുടങ്ങിയതാണ് വഴിത്തിരിവായത്. പ്രമുഖ സ്ഥാപനമായി വളര്‍ന്ന എസ്.എസ് ലൂത്തയുടെ ചെയര്‍മാനായ അദ്ദേഹം, പിന്നീട് സാമ്പത്തീക വിദഗ്ധന്‍, ബാങ്കര്‍, ദീര്‍ഘവീക്ഷണമുള്ള നേതാവ്, എഴുത്തുകാരന്, അധ്യാപകന് എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചിരുന്നു.






സഈദ് ലൂത്തയുടെ നിര്യാണത്തില്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അനുശോചിച്ചു.