പ്രവാസികളെ ഒരു വിധേനയും മറുകര പറ്റാന്‍ സമ്മതിക്കാത്ത ഒരു സര്‍ക്കാര്‍: സാദിഖലി തങ്ങള്‍

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നത് വിവേചനമാണ്, അനീതിയാണ്.

പ്രവാസികളെ ഒരു വിധേനയും മറുകര പറ്റാന്‍ സമ്മതിക്കാത്ത ഒരു സര്‍ക്കാരാണോ നമ്മുടേത്? ഈ കോവിഡ് കാലത്ത് പല സന്ദര്‍ഭങ്ങളില്‍ പ്രവാസിവിരുദ്ധ നിലപാടിന് കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ് കേരള ഗവണ്മെന്റ് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. പ്രവാസികള്‍ ഒരു നിലക്കും ഇന്നാട്ടില്‍ കാല് കുത്തരുത് എന്നൊരു പിടിവാശി വരുന്നതിന്റെ ഹേതുകമെന്തായിരിക്കും? ആദ്യം ചാര്‍ട്ടര്‍ഡ് ഫ്‌ലൈറ്റുകളുടെ അനുമതി ക്ക് തടസം നിന്നു, പിന്നീട് ക്വറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്നും, ചാര്‍ട്ടര്‍ഡ് ഫ്‌ലൈറ്റുകളുടെ യാത്രാ കൂലി അസാധാരണമാം വിധം കുറക്കണമെന്നും ഉത്തരവിറക്കി. സര്‍ക്കാര്‍ മറുനാടന്‍ മലയാളികള്‍ക്ക് വിരുദ്ധമായി പല തവണ നിലപാടെടുത്തും അതില്‍ പലതും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തിരുത്തിയും പ്രവാസി വിരുദ്ധത വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഏറ്റവുമൊടുവില്‍ തിരുത്തിയ നിലപാട് കോവിഡ് ടെസ്റ്റിന്റെ കാര്യത്തിലാണ്. കേന്ദ്രസര്‍ക്കാരിന് പോലുമില്ലാത്ത മര്‍ക്കടമുഷ്ടി എന്തിനാണ് ആദ്യം കേരളം കാണിക്കുന്നത് എന്ന് മനസിലാവുന്നില്ല. പ്രവാസികള്‍ ഇന്നാട്ടിലെ പൗരന്‍മാരല്ലേ? ഈ നാടിന് വേണ്ടി രാപകല്‍ ഭേദമന്യേ ഊടുംപാവും നെയ്യുന്ന ഒരു കൂട്ടം മലയാളികള്‍ തന്നെയാണ് പ്രവാസികളും.

കോവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ നാടിന്റെ നന്മക്ക് വേണ്ടി തന്റെ നല്ല കാലം വിദേശത്ത് ചെലവഴിച്ചു മരണപ്പെട്ടവരാണ് പ്രവാസികള്‍. പലരും കുടുംബത്തിന്റെ അത്താണിയും ഏക വരുമാന സ്രോതസ്സുമാണ്. അത്തരം കുടുംബങ്ങള്‍ക്ക് ഒരു നഷ്ടപരിഹാരം കൊണ്ടെങ്കിലും സര്‍ക്കാര്‍ തുണയേകണം. വീണുപോയവരെ ചേര്‍ത്തുപിടിച്ചാണ് നമ്മള്‍ മുന്നോട്ട് പോകേണ്ടത്.