വയനാട്ടില്‍ ആവേശമായി സാദിഖലി തങ്ങളുടെ പര്യടനം


കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വയനാട് ജില്ലയില്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ദ്വിദിന സന്ദര്‍ശനം ആവേശമായി. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ പരിപാടികളില്‍ സംബന്ധിച്ച സാദിഖലി തങ്ങള്‍ രാഹുലിന്റെ വിജയം രാജ്യത്തിന്റെ വിജയമാണെന്ന് അഭിപ്രായപ്പെട്ടു. മതേതരത്വവും ഫാസിസവും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഫാസിസത്തേയും വര്‍ഗ്ഗീയതയേയും പരാജയപ്പെടുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച നായ്‌ക്കെട്ടി, പന്തിപ്പൊയില്‍, പൊഴുതന എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സാദിഖലി തങ്ങള്‍ ഇന്നലെ, പുളിഞ്ഞാല്‍, കോറോം, കണിയാമ്പറ്റ, മുട്ടില്‍, മേപ്പാടി എന്നിവിടങ്ങളില്‍ നടക്കുന്ന യു.ഡി.എഫ് പ്രചാരണ യോഗങ്ങളിലും സംബന്ധിച്ചു. ഓരോ യോഗങ്ങളിലും വന്‍ജനക്കൂട്ടമാണ് തങ്ങളെ കാണാനെത്തിയത്. രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പണവേളയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം കലക്ടറേറ്റില്‍ എത്തിയ തങ്ങള്‍, തുടര്‍ന്ന് മണ്ഡലത്തിലെ ഓരോ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കും ക്രിയാത്മകമായ നേത്വം നല്‍കി വരികയാണ്. മുക്കത്തെ സോഷ്യല്‍മീഡിയ വാര്‍ റൂം ഉദ്ഘാടനം ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളില്‍ സജീവസാന്നിധ്യമായിരുന്ന തങ്ങളുടെ വാക്കുകളോരോന്നും കരഘോഷത്തോടെയാണ് വയനാടന്‍ ജനത വരവേറ്റത്. സാദിഖലി തങ്ങളുടെ ദ്വിദിന സന്ദര്‍ശനം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന ഉറപ്പിലാണ് യു.ഡി.എഫ് ക്യാമ്പ്.