ഭാഷാസമരത്തെ മുന്നണിയില്‍ നിന്നു നയിച്ച വിപ്ലവകാരി-കൊളത്തൂര്‍ മുഹമ്മദ് മൗലവിയെ അനുസ്മരിച്ച് സാദിഖലി തങ്ങള്‍

മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയെ അനുസ്മരിക്കുന്നു. ഫെയ്‌സ്ബുക് പേജിലൂടെയാണ് കൊളത്തൂരിനെ സംബന്ധിച്ച ഓര്‍മകള്‍ അദ്ദേഹം രേഖപ്പെടുത്തിയത്.

പിതൃതുല്യനായ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ വിയോഗ വാര്‍ത്ത വലിയ വേദനയാണ് മനസ്സിലുണ്ടാക്കിയത്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെയും സമുദായത്തിന്റെയും മുന്നോട്ടുള്ള ചലനത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ അദ്ദേഹവുമായി വ്യക്തിപരമായി അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. പിതാവ്‌ പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കാലം മുതല്‍ക്കുതന്നെ കുടുംബവുമായി അടുത്തിടപഴകിയിരുന്ന അദ്ദേഹം നിര്‍ണായക ഘട്ടങ്ങളില്‍ നല്‍കിയ ഉപദേശങ്ങള്‍ വിലമതിക്കാനാവാത്തതാണ്.

ഭാഷാസമരത്തെ മുന്നണിയില്‍ നിന്നു നയിച്ച വിപ്ലവകാരി, ധിഷണാശാലിയായ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ആത്മാര്‍ത്ഥതയുള്ള, ജനകീയനായ രാഷ്ട്രീയ നേതാവ്, സദസ്സിനെ പിടിച്ചിരുത്തുന്ന പ്രസംഗകന്‍…. കൊളത്തൂര്‍ മൗലവിയുടെ വിശേഷണങ്ങള്‍ നിരവധിയാണ്. പി.എസ്.സിയില്‍ അടക്കം വലിയ ഉദ്യോഗപദവികള്‍ വഹിച്ച അദ്ദേഹം അവശതകള്‍ക്കിടയില്‍ പോലും വെറുതെയിരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ മാസം മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിലും അദ്ദേഹത്തിന്റെ ചുറുചുറുക്കും ആര്‍ജവവും കാണാന്‍ കഴിഞ്ഞു.

ആത്മാര്‍ത്ഥതയും നേതൃഗുണവും ബഹുമുഖ പ്രതിഭയുമുള്ളവരുടെ വിയോഗം തീരാനഷ്ടമാണുണ്ടാക്കുന്നത്. കൊളത്തൂര്‍ മൗലവിയുടെ പ്രവര്‍ത്തനങ്ങളെല്ലാം സ്വീകരിക്കപ്പെടട്ടെ എന്നും പരലോകജീവിതം ധന്യമാകട്ടെ എന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.