വിമര്‍ശകര്‍ വിസ്മരിക്കുന്നത് ……
മുതിര്‍ന്ന സി.പി.എം നേതാവിന്റെ മുസ്ലിം ലീഗിനെ സംബന്ധിച്ച ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ വന്നതു കാണാനിടയായി. ‘കേരള കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന പ്രശ്നം നാളെ മുസ്ലിംലീഗിലും സംഭവിച്ചു കൂടെന്നില്ല….. ‘ എന്നു തുടങ്ങുന്ന പ്രസ്തുത പ്രസ്താവനയുടെ പ്രേരണ എന്താണെന്ന് വ്യക്തമല്ല. ഉണ്ടിരിക്കുമ്പോള്‍ വെറുതെയങ്ങ് ഉദ്ഭവിക്കുന്നതല്ല മുസ്ലിം ലീഗിന്റെ നയവും നിലപാടും.
അക്കാര്യം മനസിലാകാത്തയാളല്ല പ്രസ്താവന നടത്തിയിട്ടുള്ള വ്യക്തി. മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഭാഗവും ശക്തിയുമാണെന്നു മാത്രമല്ല, സഹോദരതുല്യമായ സ്നേഹവായ്പോടെ ദേശീയ തലത്തിലടക്കം കോണ്‍ഗ്രസിനൊപ്പം, യു പി എ യുടെ ഭാഗവുമായി നിലകൊള്ളുകയുമാണ്. യു ഡി എഫിലെ കക്ഷികളുമായി മുസ്ലിം ലീഗിനുള്ള ആത്മബന്ധം വിലമതിക്കാനാവാത്തതാണ്. അങ്ങനെയുള്ളൊരു കക്ഷിയെ വില കുറഞ്ഞ നിലയില്‍ ചിത്രീകരിക്കാനുള്ള വിഫലവും ദൗര്‍ഭാഗ്യകരവുമായ ശ്രമമായി മാത്രമേ പ്രസ്തുത പ്രസ്താവനയെ കാണാന്‍ കഴിയൂ. ചാഞ്ചാടുന്നതല്ല, കൃത്യമായി ആലോചിച്ചുറച്ചുള്ള അചഞ്ചല നിലപാടാണ് എക്കാലത്തും മുസ്ലിം ലീഗ് സ്വീകരിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഇതിനിടയില്‍ സി പി എമ്മും സി പി ഐ യും നടത്തുന്ന പ്രസ്താവനാ യുദ്ധവുമായി നിങ്ങള്‍ മുന്നോട്ടു പോയിക്കോളൂ. മുസ്ലിം ലീഗിന്റെ കാര്യം നോക്കാനുള്ള സംവിധാനം ഞങ്ങളുടെ പാര്‍ട്ടിക്കുണ്ട്. അധികാരത്തിനു വേണ്ടി തരാതരം മാറ്റുന്നതല്ല മുസ്ലിം ലീഗിന്റെ നിലപാടെന്ന് വിനയപൂര്‍വം ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ.