നമുക്ക് സംരക്ഷണമൊരുക്കുന്ന പൊലീസ് സഹോദരങ്ങള്‍ക്ക് ഗ്രീന്‍ സല്യൂട്ട്

കൊറോണ കാലത്ത് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന പൊലീസിന് അഭിനന്ദനമറിയിച്ച് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നമ്മുടെ പോലീസ്..

ഇന്നത്തെ പത്രത്തില്‍ കൗതുകകരമായൊരു കാഴ്ചയുണ്ട്. ഒരു വൃദ്ധ
സഹോദരിക്ക് മാസ്‌ക് ധരിപ്പിക്കുന്ന പോലീസുകാരന്റെ ചിത്രം.
ഇന്നലെ കണ്ട മറ്റൊരു ചിത്രവും
നമ്മെ വല്ലാതെ ചിന്തിപ്പിക്കുന്നതായിരുന്നു.
കൈ കൂപ്പിനിന്ന് ജനങ്ങളോട്
യാചനാപൂര്‍വ്വം അങ്ങാടികളിലേക്ക് ഇറങ്ങരുതെന്ന് അപേക്ഷിക്കുന്ന
ഒരു പോലീസുകാരന്റെ ചിത്രം.
ഈ കൊറോണാ കാല
ഓര്‍മയുടെ ഫ്രെയിമില്‍
നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസുകാരുടെ ചിത്രങ്ങളുമുണ്ടാക്കും.
കൊറോണ ഭീതിയാല്‍
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നമ്മളെല്ലാം സുരക്ഷിതത്വത്തിന്നായി വീട്ടിനകത്തിരിക്കുകയാണ്.
ഈ സമയത്തും അങ്ങാടികളിലും കവലകളിലും നിലയുറപ്പിക്കേണ്ടി വരുന്ന ഒരു വിഭാഗമാണ്
നമ്മുടെ പോലീസ്.
ആളുകള്‍ കൂടിയിരിക്കുന്നത് തടയാനും ഒറ്റപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനും രാപകല്‍ വ്യത്യാസമില്ലാതെ കര്‍മ്മ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സേവനക്കാര്‍.
മഹാമാരിയായാലും,
പ്രളയമായാലും ദുരിതം നിറഞ്ഞ സന്ദര്‍ഭങ്ങളിലൊക്കെ അവധിയില്ലാതെ കര്‍മ്മനിരതരാകുന്നവര്‍.
നമ്മള്‍ മലയാളികള്‍ വിമര്‍ശന വാക്കുകള്‍കൊണ്ടല്ലാതെ പോലീസ് കാര്യങ്ങള്‍ സംസാരിക്കുന്നത് അപൂര്‍വ്വമാണ്.
വിമര്‍ശിക്കപ്പെടേണ്ടിടത്ത് വിമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ പ്രശംസികപ്പെടേണ്ട ഇത്തരം സന്ദര്‍ഭങ്ങളെ കാണാതെ പോകരുത്.
മുന്നില്‍ കാണുന്ന വന്‍ ദുരന്തത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് സര്‍ക്കാറും ആരോഗ്യ രംഗത്തെ വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പുകളും മുന്‍കരുതലുകളും നിലനില്‍ക്കെ നമുക്കായി പുറത്തിറങ്ങേണ്ടിവന്ന ഈ പോലീസുകാര്‍ക്കും വീടുകളില്‍ കാത്തിരിക്കുന്ന മക്കളും കുടുംബങ്ങളുമുണ്ടെന്നു നാം വിസ്മരിക്കരുത്.
നമുക്കായി ദൂരദിക്കുകളില്‍ സേവനം ചെയ്യുന്ന പോലീസുകാരുടെ കുടുംബങ്ങളുടെ വീട്ടുകാര്യങ്ങള്‍ അന്വേഷിക്കേണ്ടതും അവരെ സഹായിക്കേണ്ടതും നമ്മുടെ സാമൂഹിക ബാധ്യതയാണ്.
ഇപ്പോള്‍ നമ്മുടെ പോലീസ് പ്രകടിപ്പിക്കുന്ന കാര്‍കശ്യം നമ്മുടെ അതിജീവനത്തിനു വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയാതെ പോകരുത്.
നട്ടുച്ചവെയിലിലും ,ഉറക്കില്ലാതെ നട്ടപ്പാതിരയിലും നമ്മുടെ സുരക്ഷിതത്വത്തി വേണ്ടി അവര്‍ കാത്തിരിക്കുന്നുണ്ട്.
ഇപ്പോള്‍ നമ്മുടെ പോലീസിന്റെ കയ്യിലുള്ള ലാത്തി കോവിഡ്19 തുരത്താനുള്ളതാണെന്ന് വ്യാഖ്യാനിക്കാം.
ഈ കൊറോണ കാലത്ത് നിയമം
ലംഘികുന്നവര്‍ക്കെതിരെയുള്ള പോലീസ് നടപടികളില്‍ ഇടപെടലുകള്‍ നടത്താതിരിക്കാന്‍ രാഷ്ട്രീയക്കാരും ജാഗ്രത പുലര്‍ത്തണം.
Police എന്ന ഇംഗ്ലീഷ് പദത്തിലെ
ആദ്യക്ഷരമായ P ക്ക് കുന്ന വ്യാഖ്യാനം Protectors എന്നാണ്.അതെ മഹാമാരിക്കെതിരെ അവര്‍ നമുക്ക് സംരക്ഷണമൊരുക്കുകയാണ്.
എന്റെ പോലീസ്
സഹോദരങ്ങള്‍ക്ക്
ഗ്രീന്‍ സല്യൂട്ട്.

SHARE