ഷുഹൈബ് അക്തര്‍ ബൗള്‍ ചെയ്യുമ്പോള്‍ സച്ചിന്റെ മുട്ടു വിറയ്ക്കുന്നത് കണ്ടിട്ടുണ്ട്; ഷാഹിദ് അഫ്രീദി

ലാഹോര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വീണ്ടും. പാക് സ്പീഡ്സ്റ്റര്‍ ഷുഹൈബ് അക്തറിനെ നേരിടാന്‍ സച്ചിന് ഭയമായിരുന്നു എന്നാണ് അഫ്രീദിയുടെ ആരോപണം.

‘അദ്ദേഹത്തിന് (സച്ചിന്‍) ഷുഹൈബിനെ പേടിയായിരുന്നു. ഷുഹൈബ് ബൗള്‍ ചെയ്യുമ്പോള്‍ സച്ചിന്റെ മുട്ടുവിറയ്ക്കുന്നത് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട്’ – അഫ്രീദി പറഞ്ഞു.

തനിക്ക് ഭയമുണ്ടായിരുന്നു എന്ന് സച്ചിന്‍ ഒരിക്കലും പറയില്ല. സച്ചിന്‍ മാത്രമല്ല, പല ബാറ്റ്‌സ്മാന്മാരും വിറച്ച സ്‌പെല്ലുകള്‍ ഷുഹൈബ് ചെയ്തിട്ടുണ്ട്. മിഡ് ഓഫിലോ കവറിലോ ഫീല്‍ഡ് ചെയ്യുമ്പോള്‍ അതു കാണാം. ഒരു കളിക്കാരന്റെ ശരീരഭാഷ അറിയാം. എന്നാല്‍ ഷുഹൈബ് എല്ലായ്‌പ്പോഴും സച്ചിനെ ഭയപ്പെടുത്തിയിരുന്നു എന്ന് താന്‍ പറയില്ല- ടെലിവിഷന്‍ അവതാരകന്‍ സൈനബ് അബ്ബാസുമായി നടത്തിയ ചാറ്റ് ഷോയില്‍ അഫ്രീദി പറഞ്ഞു.

2011 ലെ ലോകകപ്പില്‍ സ്പിന്നര്‍ സഈദ് അജ്മലിനെതിരെ കളിക്കാനും സച്ചിന്‍ ഭയപ്പെട്ടിരുന്നതായി അഫ്രീദി അവകാശപ്പെട്ടു.

ടെസ്റ്റില്‍ മൂന്നു തവണയും ഏകദിനത്തില്‍ അഞ്ചു തവണയുമാണ് റാവില്‍പിണ്ടി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന അക്തര്‍ സച്ചിനെ പുറത്താക്കിയിട്ടുള്ളത്.

സച്ചിന്‍-അക്തര്‍ പോരാട്ടം

സച്ചിനും അക്തറും മുഖാമുഖം വന്ന വേളയെല്ലാം ഏകദിന ക്രിക്കറ്റിനെ ത്രസിപ്പിച്ച പോരാട്ടങ്ങളായിരുന്നു. ഇതില്‍ 2003 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരമാണ് ഏറെ അവിസ്മരണീയമായത്. തന്നെ പിടിച്ചു കെട്ടുമെന്ന് വീമ്പിളക്കിയ അക്തറിനെ തെരഞ്ഞു പിടിച്ചാണ് സച്ചിന്‍ അന്ന് ശിക്ഷിച്ചത്.

ഖാന്‍ യൂനിസും വസീം അക്രമും ഷുഹൈബ് അക്തറും അബ്ദുള്‍ റസാഖും ഒന്നിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയെ നിലംപരിശാക്കിയാണ് സച്ചിന്‍ അന്ന് 75 പന്തില്‍ നിന്ന് 98 റണ്‍സ് അടിച്ചുകൂട്ടിയത്.

ടോസ് നേടിയ പാക് ക്യാപ്റ്റന്‍ വഖാര്‍ യൂനുസ് ആദ്യം ആദ്യ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപണര്‍ സയീദ് അന്‍വറിന്റെ സെഞ്ചുറി (101) മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴിന് 273 എന്ന മികച്ച സ്‌കോറാണ് പാകിസ്താന്‍ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി, വസീം അക്രത്തെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചാണ് സച്ചിന്‍ തുടങ്ങിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയത് ഷുഹൈബ് അക്തര്‍.

ഓവറിന്റെ നാലാം പന്തുമുതല്‍ സച്ചിന്‍ ഉഗ്രരൂപം കാട്ടി. 150 കിലോമീറ്ററിലേറെ വേഗതയിലെത്തിയ അക്തറിന്റെ ബൗണ്‍സര്‍ ഉഗ്രനൊരു അപ്പര്‍കട്ടിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സിക്‌സറിന് പറത്തി. അടുത്ത പന്ത് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറിയിലേക്ക്. അവസാന പന്ത് തന്റെ ട്രേഡ്മാര്‍ക്കായ ജെന്റില്‍ പുഷിലൂടെ വീണ്ടും ബൗണ്ടറി. 18 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. അതോടെ ക്യാപ്റ്റന്‍ വഖാര്‍, അക്തറെ സച്ചിന്റെ ആക്രമണത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. ആദ്യ സ്‌പെല്ലില്‍ അക്തര്‍ എറിഞ്ഞത് വെറും ഒരോവര്‍!

എന്നാല്‍ സെഞ്ച്വറിക്ക് രണ്ടു റണ്‍സ് മാത്രം അകലെ അക്തറിന്റെ ഷോര്‍ട്ട്‌ബോളില്‍ സച്ചിന്‍ പുറത്താകുകയായിരുന്നു. ആ ബൗണ്‍സറും സച്ചിന്‍ സിക്‌സര്‍ പറത്തുന്നത് കാണാന്‍ കൊതിച്ചിരുന്നു, ഔട്ടായപ്പോള്‍ വിഷമം തോന്നിയെന്ന് ഈയിടെ അക്തര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. സച്ചിന്‍ അന്ന് സെഞ്ച്വറി അര്‍ഹിച്ചിരുന്നു എന്നും അത്രയും മികച്ച ഇന്നിങ്‌സായിരുന്നു അതെന്നും അക്തര്‍ പറഞ്ഞിരുന്നു.