മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നിരാശ; ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി വിറ്റതായി സച്ചിന്‍ സ്ഥിരീകരിച്ചു

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥിരീകരിച്ചു. ഇതോടെ മഞ്ഞപ്പടയുടെ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സച്ചിന്‍ വ്യക്തിമാക്കിയതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ബ്ലാസ്‌റ്റേഴ്‌സ് സുദൃഢമായ സ്ഥിതിയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

കേരള ബ്ലാസ്റ്റേഴ്‌സില്‍ 20 ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. ബാക്കി 80 ശതമാനം ഓഹരി ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിനാണ്. തെലുങ്ക് താരങ്ങളായ ചിരംഞ്ജീവി, നാഗാര്‍ജുന തുടങ്ങിയവരും ഗ്രൂപ്പിലുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുമെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളുമുണ്ട്.

ബ്ലാസ്‌റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് പിവിപി എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു. എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് സെബി ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതേതുടര്‍ന്ന് ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലാവുകയും മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വരികയും ചെയതു.

SHARE