രാജസ്ഥാന്‍ പ്രതിസന്ധി; കടുത്ത നടപടികളുമായി കോണ്‍ഗ്രസ്- ട്വിറ്ററില്‍നിന്നും ‘കോണ്‍ഗ്രസ്’ നീക്കം ചെയ്ത് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കി കൊണ്ടുള്ള കോണ്‍ഗ്രസ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അംഗമെന്ന വിവരണം ട്വിറ്റര്‍ ബയോയില്‍ നിന്ന് നീക്കം ചെയ്ത് സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ട് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് ട്വിറ്റര്‍ ബയോയില്‍നിന്ന് കോണ്‍ഗ്രസ് അംഗമെന്ന വിവരം നീക്കം ചെയ്തത്. ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു. ‘ ഇന്ന് എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു. റാം റാം സാ !’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ലെന്ന് സച്ചിന്‍ പൈലറ്റ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം സച്ചിനെ മാറ്റിയതിന് പിന്നാലെ വിമതസ്വരം ഉയര്‍ത്തിയ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. സച്ചിനെ കൂടാതെ മന്ത്രിമാരായ രമേശ് മീന, വിശ്വേന്ദ്ര സിംഗ് എന്നിവരെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാനും തീരുമാനമെടുത്തു. ഇരുവരും സച്ചിന്‍ പക്ഷത്ത് നിലകൊള്ളുന്ന നേതാക്കളാണ്. രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുകേഷ് ഭാസ്‌കറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. എം.എല്‍.എ. കൂടിയായ മുകേഷ് ഭാസ്‌കര്‍ സച്ചിന്‍ പൈലറ്റിന്റെ അനുഭാവിയാണ്. ഗെഹലോത്തിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പകരം മറ്റൊരു എം.എല്‍.എ. ഗണേഷ് ഘോഗ്രയെ ആണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തിട്ടുള്ളത്.

ഇതിനിടെ ചാനലില്‍ സ്ച്ചിനെ പിന്തുണച്ച് കോണ്‍ഗ്രസിനെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝായെ പുറത്താക്കിയതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിസിസി അധ്യക്ഷ പദവിയില്‍നിന്നും ഒഴിവാക്കിയ സച്ചിന്‍ പൈലറ്റ് ബുധനാഴ്ച രാവിലെ മാധ്യമങ്ങളെ കാണും. ബുധനാഴ്ച രാവിലെ 10 മണിക്ക് സച്ചിന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിന് മുന്നില്‍ സച്ചിന്‍ വാതിലടച്ചിട്ടില്ലെന്ന് അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എയും പ്രതികരിച്ചിട്ടുണ്ട്. ദീപേന്ദര്‍ ഹൂഡയടക്കമുള്ള നേതാക്കള്‍ വഴി തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.