പാര്‍ട്ടി വിടില്ല, ഒരു വര്‍ഷത്തിനകം മുഖ്യമന്ത്രിയാക്കണം; ടീം പ്രിയങ്കയോട് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനകം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സച്ചിന്‍ പൈലറ്റ് പ്രിയങ്കാ ഗാന്ധിയെ സമീപിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും മകന്‍ രാഹുല്‍ഗാന്ധിയെയും കാണാന്‍ കൂട്ടാക്കാത്ത സച്ചിന്റെ ആശയവിനിമയം പ്രിയങ്ക ഗാന്ധിയുമായാണ്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ ആവശ്യം യുവനേതാവ് പ്രിയങ്കയെ അറിയിച്ചത്.

ഇതുസംബന്ധിച്ച് പരസ്യപ്രഖ്യാപനം നടത്തണമെന്നാണ് സച്ചിന്‍ ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറപ്പുകിട്ടാതെ സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ചനടത്തില്ലെന്ന നിലപാടിലാണ് അദ്ദേഹം.

സച്ചിനും 18 എം.എല്‍.എമാരുമാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ വിമതനീക്കം നടത്തുന്നത്. പാര്‍ട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാത്തതിന് വിമതര്‍ക്ക് കോണ്‍ഗ്രസ് നോട്ടീസ് അയച്ചിട്ടുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ വിമത സ്വരം ഉയര്‍ത്തിയെങ്കിലും ബി.ജെ.പിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ ഓം പ്രകാശ് മാഥുര്‍ ആണ് അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നത്.

SHARE