രാഹുലിനെ കാണാന്‍ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍; രാജസ്ഥാനില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ചാക്കിട്ടു പിടിത്തം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലേക്ക് തിരിച്ചു. ഹൈക്കമാന്‍ഡില്‍ നിന്ന് വിളി വന്ന സച്ചിന്‍ ഹോട്ടലില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ സച്ചിന്‍ തിരിച്ചതെന്ന് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി ദേശീയ നേതൃത്വത്തോട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിക്കാനാണ് പൈലറ്റ് ദല്‍ഹിയിലേക്ക് തിരിച്ചതെന്ന് സൂചനയുണ്ട്. രാഹുല്‍ ഗാന്ധിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവാണ് സച്ചിന്‍ പൈലറ്റ്.

വെള്ളിയാഴ്ച മുതല്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഹോട്ടലില്‍ ക്യാമ്പ് ചെയ്യുകയാണ്. സ്വന്തം എം.എല്‍.എമാരെയും സ്വതന്ത്രരെയും കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. വോട്ടിങ് നടക്കുന്ന ജൂണ്‍ 19 വരെ റിസോര്‍ട്ടില്‍ തന്നെ തങ്ങാനാണ് എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശമുള്ളത്.

രാജസ്ഥാനിലെ ഒഴിവു വരുന്ന മൂന്നു സീറ്റിലേക്ക് കോണ്‍ഗ്രസും ബി.ജെ.പിയും രണ്ടു വീതം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് ചാക്കിട്ടുപിടിത്തത്തിന്റെ സൂചന ഉയര്‍ന്നത്. മൂന്നില്‍ രണ്ടു സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഒന്ന് കെ.സി വേണുഗോപാലും മറ്റൊന്ന് നീരജ് ഡാങ്കിയും. ബി.ജെ.പിക്കായി രാജേന്ദ്ര ഗെഹ്‌ലോട്ട്, ഓംകാര്‍ സിങ് ലഖാവത്ത് എന്നിവരാണ് മത്സരരംഗത്തുള്ളത്.

200 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 107 അംഗങ്ങളാണ് ഉള്ളത്. 13 സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. രണ്ട് എം.എല്‍.എമാരുള്ള സി.പി.എമ്മും ബി.ടി.പിയും കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. ബി.ജെ.പിക്ക് 72 എം.എല്‍.എമാരാണ് ഉള്ളത്. ആര്‍.എല്‍.ഡിയുടെ മൂന്ന് പേരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്.

ഓരോ രാജ്യസഭാ സീറ്റും വിജയിക്കാനായി 51 വോട്ടാണ് വേണ്ടത്. ഇതു പ്രകാരം കോണ്‍ഗ്രസിന് രണ്ടു പേരെയും ബി.ജെ.പിക്ക് ഒരാളെയും രാജ്യസഭയിലെത്തിക്കാനാകും. ഈ സാഹചര്യത്തിലാണ് ബി.ജെ.പി രണ്ടാമതൊരു സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചിട്ടുള്ളത്.

SHARE