ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അതിനിര്‍ണായക വഴിത്തിരിവ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നില്ക്കുന്ന സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി. ജെയ്പൂരിലെ ഹോട്ടലില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ സചിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ പാര്‍ട്ടി പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. സച്ചിന് അനുകൂലികളായ രണ്ടു മന്ത്രിമാരെയും നീക്കിയിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരാണ് തെറിച്ചത്. ഗോവിന്ദ് സിങ് ഡോട്സാരയാണ് പുതിയ പി.സി.സി അദ്ധ്യക്ഷന്‍.
മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെയും സഖ്യകക്ഷികളും സ്വതന്ത്രരുമുള്‍പ്പെടെ 15 പേരെയുമാണ് ഗെഹ്ലോട്ട് ക്ഷണിച്ചിരുന്നത്. 122 എം.എല്‍.എമാരില്‍ 106 പേരാണ് യോഗത്തിലെത്തിയത്. 200 അംഗ അസംബ്ലിയില്‍ 101 ആണ് സര്‍ക്കാറിന് വേണ്ട ഭൂരിപക്ഷം. കോണ്‍ഗ്രസിന് 107 എം.എല്‍.എമാരാണ് ഉള്ളത്. 13 സ്വതന്ത്രരുടെയും അഞ്ചു മറ്റു പാര്‍ട്ടി എം.എല്‍.എമാരുടെയും പിന്തുണയും സര്‍ക്കാറിനുണ്ട്.
തന്നെ മുഖ്യമന്ത്രിയാക്കണം, മുതിര്‍ന്ന നേതാവ് അവിനാഷ് പാണ്ഡെയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണം, തന്റെ അനുയായികള്‍ക്ക് പ്രധാന ഭാരവാഹിത്വങ്ങള്‍ നല്‍കണം എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് സച്ചിന് മുന്നോട്ടു വച്ചിട്ടുള്ളത് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെയ്പൂരിലെ ഹോട്ടലില്‍ ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് സഭാ കക്ഷി യോഗത്തില്‍ 22 എം.എല്‍.എമാര്‍ വിട്ടു നിന്നതായാണ് സൂചന. പാര്‍ട്ടി എം.എല്‍.എമാര്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കക്ഷി നേതാവെന്ന നിലയില്‍ ഏകകണ്ഠമായ പിന്തുണ നല്കി.
സച്ചിനും അനുയായികളായ എം.എല്‍.എമാരും ഇപ്പോള്‍ മനേസറിലെ ഹോട്ടലിലാണ് താമസിക്കുന്നത്. ടൂറിസം മന്ത്രി വിശ്വേന്ദ്ര പ്രതാപ് സിങ് അടക്കമുള്ളവര്‍ സച്ചിനൊപ്പമാണ് നിലകൊള്ളുന്നത്.
അതിനിടെ, സച്ചിന് പൈലറ്റിനെ ബി.ജെ.പി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുതിര്‍ന്ന നേതാവ് ഓം പ്രകാശ് മാഥൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ബി.ജെ.പി ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്. എന്നാല്‍ ബി.ജെ.പിയിലേക്കില്ലെന്ന് നേരത്തെ സച്ചിന് വ്യക്തമാക്കിയിരുന്നു.