എല്ലാവരും തിരയുന്ന ആ തുഴയെവിടെ ? ; കാണാതായത് നെഹ്‌റുട്രോഫി ഉദ്ഘാടന വേദിയില്‍സച്ചിന് സമ്മാനിച്ച തുഴ

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: വിശിഷ്ടാതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് പുതുമയുള്ളതല്ല. ഒരു നാടിന്റെ സംസ്‌ക്കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സമ്മാനങ്ങളാകുമ്പോള്‍ അതിന്റെ മൂല്യവും ഏറും. എന്നാല്‍ വേദിയില്‍ ലഭിച്ച സമ്മാനം കാണാതായെന്ന് പറഞ്ഞ് സ്വീകര്‍ത്താവിന്റെ ഭാഗത്ത് നിന്നും വിളിയെത്തുകയെന്നത് അപൂര്‍വ്വമാകാം.

നെഹ്‌റുട്രോഫിയുടെ ഉദ്ഘാടന വേദിയില്‍ അജേഷ് ജോര്‍ജ്ജ് സച്ചിന് തുഴ സമ്മാനിക്കുന്നു

അത്തരമൊരു വിഷമഘട്ടത്തിലാണ് ചിത്രകാരനായ ആലപ്പുഴ കൃപ ആര്‍ട്ടിലെ അജേഷ് ജോര്‍ജ്ജ്. ആലപ്പുഴ നെഹ്‌റു പവലിയനില്‍ നടന്ന നെഹുറുട്രോഫിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഉദ്ഘാടന വേദിയിലായിരുന്നു വ്യത്യസ്തമായ സമ്മാനം അജേഷ് സച്ചിന് സമ്മാനിച്ചത്. കുതിക്കുന്ന ചുണ്ടനില്‍ ക്രിക്കറ്റ് ബാറ്റുമായി നിലക്കാരനായി നില്‍ക്കുന്ന സച്ചിന്റെ ചിത്രം വരച്ച തുഴയായിരുന്നു ആ ആകര്‍ഷണീയ സമ്മാനം. കുട്ടനാട്ടിലെ പ്രമുഖ ക്ലബായ യുബിസി കൈനകരിയില്‍ നിന്നും തുഴവാങ്ങിയാണ് ദിവസങ്ങളെടുത്ത് അജേഷ് സച്ചിന്റെ ചിത്രം വരച്ച് സമ്മാനം നല്‍കുന്നതിനായി ഒരുക്കിയത്. വേദിയില്‍ തന്റെ ചിത്രം വരച്ച തുഴ ലഭിച്ചപ്പോള്‍ കൗതുകത്തോടെയായിരുന്നു സച്ചിന്‍ അത് സ്വീകരിച്ചത്. പിടിച്ചത് തിരിഞ്ഞു പോയപ്പോള്‍ ശരിയായ രീതിയില്‍ തുഴ പിടിക്കുന്നത് എങ്ങനെയെന്ന് അജേഷ് മാസ്റ്റര്‍ബ്ലാസ്റ്ററെ കാണിച്ചു നല്‍കിയതിന് ശേഷമാണ് വേദിയില്‍ നിന്നും മടങ്ങിയത്.

പിന്നീട് നടന്നത് എന്താണെന്നാണ് ഇനിയും പുറത്ത് വരാത്തത്. സച്ചിനൊപ്പമുള്ള മലയാളി അജേഷിനെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് താന്‍ സമ്മാനിച്ച തുഴ കാണാതായ വിവരം അറിഞ്ഞത്. സമ്മാനങ്ങള്‍ മടക്കയാത്രയില്‍ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് സച്ചിനെ ആകര്‍ഷിച്ച തുഴ കാണാതായ വിവരം ഒപ്പമുള്ളവരും അറിയുന്നത്. തുഴയോട് സച്ചിന്‍ കാണിച്ച താല്‍പര്യം കൊണ്ടാണ് ഉപഹാരങ്ങള്‍ക്ക് ഇടയില്‍ തങ്ങളത് തിരഞ്ഞെതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി അജേഷ് പറയുന്നു. ഉദ്ഘാടന സമ്മേളത്തിന് ശേഷം മടക്കയാത്രക്ക് ബോട്ടിലേക്ക് സച്ചിന്‍ കയറുമ്പോള്‍ ഉപഹാരങ്ങളുടെ കൂട്ടത്തില്‍ തുഴ ഉണ്ടായിരുന്നില്ലായെന്നാണ് അജേഷിന്റെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. തുഴകാണാതായ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചപ്പോള്‍ അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കാണാതായ തുഴ തിരിച്ചു കിട്ടാത്തപക്ഷം സമാനമായ ചിത്രം തുഴയില്‍ വരച്ച് താരത്തിന് വീണ്ടും സമ്മാനം നല്‍കാനാണ് അജേഷിന്റെ തീരുമാനം. വിശിഷ്ടാതിഥിക്ക് വേദിയില്‍ സമ്മാനിച്ച ഉപഹാരം കാണാതെ പോയത് ജില്ലഭരണകൂടത്തേയും വെട്ടിലാക്കിയിരിക്കുകയാണ്. എന്ത് വിലകൊടുത്തും ഉപഹാരം കണ്ടെത്തി സച്ചിന് നല്‍കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍.