സര്‍ക്കാറിന്റെ നയങ്ങള്‍ തെറ്റ്: സച്ചിദാനന്ദന്‍

 

കോഴിക്കോട്: കവി കുരീപ്പുഴ കുമാറിനെതിരായ അതിക്രമം സമീപകാലത്തെ സമാന സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും സവര്‍ണ മേധാവിത്വവും ജാതീയതയും തിരിച്ചു വരുന്നുവെന്നതിന്റെ സൂചനയാണെന്നും കവി സച്ചിദാനന്ദന്‍. വടയമ്പാടിയിലെ ജാതി മതിലും അശാന്താന്റെ മൃതദേഹത്തോട് കാണിച്ച അനാദരവുമെല്ലാം പരസ്പര ബന്ധിതമാണ്. ഈ മൂന്ന് കാര്യങ്ങളെയും വേര്‍തിരിച്ച് കാണാനാവില്ല. ഇത് വളരെ അപകടകരമാണ്. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദത്തിന്റെ വിളനിലമായ കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദലിതരെ ബ്രഷ്ടരാക്കാനും ക്ഷേത്രാതിര്‍ത്തി ക്ഷേത്രത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് അശാന്തന്റെ മൃതദേഹം അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ അനുവദിക്കാതിരുന്നതിന് പിന്നിലുണ്ടായത്. ജന്മിത്വത്തിനൊപ്പം അവസാനിച്ചെന്ന് കരുതിയിരുന്ന ജാതീയത തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം സമൂഹത്തെ വിഭജിക്കും.
ദലിതരെ അകറ്റി നിര്‍ത്താനും ക്ഷേത്രാധികാരവും സവര്‍ണാധികാരവും വര്‍ധിപ്പിക്കാനുമുള്ള ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ഈയിടെ നടന്നു കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള സമാന സംഭവങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയം തെറ്റാണ്. ഒരു പുരോഗമന സര്‍ക്കാറില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണിതെല്ലാം.
മാധ്യമങ്ങള്‍ എന്തു റിപോര്‍ട്ട് ചെയ്യണമെന്ന് കോടതി തീരുമാനിക്കുന്നത് ശരിയല്ല. അത് ജനാധിപത്യ വിരുദ്ധമാണെന്നും ശ്രീജിത്ത് വിജയന്റെ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് കരുനാഗപ്പള്ളി സബ് കോടതി വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

SHARE