സന്നിധാനത്ത് തിരക്ക് വര്‍ധിക്കുന്നു; വരുമാനക്കണക്കില്‍ കുറവും

സന്നിധാനം: സംഘര്‍ഷ ഭീതിയും നിയന്ത്രണങ്ങളും ഒഴിഞ്ഞതോടെ ശബരിമലയില്‍ നേരിയ തോതില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി മുപ്പതിനായിരം പേരാണ് എത്തിയതെങ്കില്‍ ഇന്നലെ ഉച്ച കൊണ്ട് തന്നെ അത് മറികടന്നു. അന്യ സംസ്ഥാനത്ത് നിന്നുള്ള ഭക്തന്മാരാണ് കൂടുതലായി എത്തിയതെങ്കില്‍ ഇന്നലെ മലയാളികളും ഏറിയ തോതില്‍ എത്തിത്തുടങ്ങി. മണ്ഡലകാലത്തിന്റെ ആറാം ദിനമായ വ്യാഴാഴ്ച തിരക്കൊഴിഞ്ഞായിരുന്നു സന്നിധാനം. എന്നാല്‍ വൈകിട്ടോടെ തന്നെ എരുമേലിയിലും പമ്പയിലും തിരക്കില്‍ നേരിയ വര്‍ധന കണ്ട് തുടങ്ങിയിരുന്നു. നിയന്ത്രണങ്ങള്‍ കുറച്ചതോടെ പ്രതിഷേധങ്ങളും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാത്രിയും പകലുമായുള്ള നിയന്ത്രണങ്ങള്‍ മാറ്റി നിലയ്ക്കല്‍ പമ്പ എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വിടുന്നുണ്ട്. നടപ്പന്തലിലും ഉറങ്ങാനാവാത്തതും വാവര് സ്വാമി നടക്ക് മുന്നില്‍ വിരിവയ്ക്കാനാവാത്തതുമാണ് ഏക നിയന്ത്രണം. നാമജപ കൂട്ടായ്മകളുണ്ടങ്കിലും സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാത്തതിനാല്‍ സന്നിധാനം ശാന്തവുമാണ്. ശബരിമലയിലെത്തുന്ന പലരും ആശങ്കകളൊഴിഞ്ഞാണ് മടങ്ങുന്നത്.

ഇതേ സമയം മണ്ഡല–മകരവിളക്ക് തീര്‍ഥാടനകാലത്ത് ദേവസ്വം ബോര്‍ഡിന്റെ ആദ്യ ആറു ദിവസത്തെ വരുമാനത്തില്‍ 14.34 കോടി രൂപയുടെ ഇടിവുണ്ടായതായി കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം മൂന്നിലൊന്നിനും താഴെയായി. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം വരെ 22.82 കോടി രൂപയായിരുന്നു വരുമാനം. ശബരിമലയിലെ നിയന്ത്രണങ്ങള്‍ ദേവസ്വം ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .