ശബരി റെയില്‍ പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കിയവര്‍ ദുരിതത്തില്‍

കൊച്ചി: ശബരി റെയില്‍ പദ്ധതി അനന്തമായി നീളുന്നത് മൂലം സ്ഥലം വിട്ട് നല്‍കിയവര്‍ ദുരിതത്തില്‍. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ അയ്യായിരത്തോളം കുടുംബങ്ങളാണ് ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ സാധിക്കാതെ ദുരിതത്തിലായത്. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത 25 ഹെക്ടര്‍ ഭൂമിയുടെ മൂല്യം ഉടമസ്ഥര്‍ക്ക് കൈമാറിയിരുന്നു. പിന്നീട് പദ്ധതിക്ക് ആവശ്യമായ ഭൂമിയില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ബോര്‍ഡുകളും സര്‍വ്വേ കല്ലുകളും സ്ഥാപിച്ചു. എന്നാല്‍ 1997-98 കാലഘട്ടത്തില്‍ രൂപം നല്‍കിയ പദ്ധതി 20 കൊല്ലം കഴിഞ്ഞിട്ടും കാര്യമായി മുന്നോട്ട് പോയില്ല. ഏറ്റെടുക്കുമെന്ന് അറിയിച്ച് സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചതോടെ ഈ ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ ഉടമസ്ഥര്‍ കുടുങ്ങി. ഭൂമി ശബരി റെയിലിന് വിട്ട് നല്‍കുമ്പോള്‍ ലഭിക്കുന്ന തുക കൊണ്ട് പല ആവശ്യങ്ങളും നിറവേറ്റാമെന്ന് കരുതിയ മൂവായിരത്തോളം കുടുംബങ്ങളാണ് ഇപ്പോള്‍ വെട്ടിലായത്.
ശബരി റെയില്‍ കടന്നുപോകുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കാനുള്ളത്. ഏറ്റെടുത്ത 25 ഹെക്ടര്‍ ഭൂമി എറണാകുളം ജില്ലയിലാണ്. പദ്ധതി ആരംഭിക്കുന്ന അങ്കമാലി, നെടുമ്പാശേരി, മറ്റൂര്‍, വടക്കുംഭാഗം, ചേലാമറ്റം പ്രദേശങ്ങളിലാണ് ഭൂമി ഏറ്റെടുത്തത്. ഇനിയും എറണാകുളം ജില്ലയില്‍ മാത്രം 204 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുണ്ട്. പദ്ധതിക്ക് ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെ റെയില്‍വേ അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു. ഉടന്‍ തന്നെ ഏറ്റെടുത്ത് പണം കൈമാറുമെന്ന് അറിയിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നും പദ്ധതിയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പദ്ധതിയുടെ കാര്യത്തില്‍ അനശ്ചിതത്വം തുടരുന്നതിനാല്‍ ഈ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനും പാടില്ലെന്നാണ് നിയമം. ഭൂമി കൈമാറി പണം സ്വീകരിക്കാമെന്ന് കരുതിയ വന്‍ തുകകള്‍ ബാങ്കില്‍ നിന്ന് പണമെടുത്ത പലരും തിരിച്ചടവ് മുടങ്ങി ആത്മഹത്യയുടെ വക്കിലാണെന്ന് ശബരി റെയില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കണ്‍വീനര്‍ വിശ്വനാഥന്‍ നായര്‍, സെക്രട്ടറി മുഹമ്മദ്ദ് കുഞ്ഞ് കുറ്റപ്പാലി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

SHARE