പ്രതിഷേധങ്ങള്‍ക്കിടെ യു.എസ് സൈനികോപദേഷ്ടാവ് രാജിവച്ചു; ട്രംപിന് തിരിച്ചടി

വാഷിങ്ടണ്‍: ബ്ലാക് ലിവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്കിടെ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സൈനികോപദേഷ്ടാവിന്റെ രാജി. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സ് അഡൈ്വസര്‍ ജെയിംസ് മില്ലര്‍ ജൂനിയറാണ് രാജിവച്ചത്. സെന്റ് ജോണ്‍സ് എപിസ്‌കോപല്‍ ചര്‍ച്ചില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിലും ഫോട്ടോയെടുപ്പിലും പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് മില്ലറുടെ രാജി.

ചര്‍ച്ചിലെ പരിപാടിക്കായി വൈറ്റ് ഹൗസിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരെ പൊലീസ് മാറ്റിയതിനെ കുറിച്ചും മില്ലറുടെ കത്തില്‍ പരാമര്‍ശമുണ്ട്. പ്രതിഷേധക്കാരെ മാറ്റിയത് സുരക്ഷയ്ക്ക് വേണ്ടിയായിരുന്നില്ല. പ്രസിഡണ്ടിന്റെ ഫോട്ടോയെടുപ്പിന് വേണ്ടിയായിരുന്നു. പ്രതിഷേധക്കാരെ ഇതിനായി മാറ്റുന്നത് തടയാന്‍ നിങ്ങള്‍ക്ക് ആകില്ലായിരിക്കാം. എന്നാല്‍ നിങ്ങള്‍ അതിനെ എതിര്‍ക്കേണ്ടിയിരുന്നു. അതിനു പകരം അതിനെ പിന്തുണയ്ക്കുകയാണ് നിങ്ങള്‍ ചെയ്തത്- എസ്പറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മില്ലര്‍ എഴുതി.

‘ഇത് നിങ്ങള്‍ ചെയ്ത സത്യപ്രസ്താവനയയ്ക്ക് വിരുദ്ധമാണ്. നിയമം അംഗീകരിച്ചുള്ള പ്രതിഷേധക്കാര്‍ക്കു നേരെ ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റുമാണ് ഉപയോഗിച്ചത്. എന്നിട്ട് നിങ്ങള്‍ ട്രംപിനൊപ്പം ചര്‍ച്ചിലേക്ക് പോകുകയും ചെയ്തു’ – അദ്ദേഹം പറഞ്ഞു.

അതിനിടെ, ചര്‍ച്ചില്‍ ബൈബിളേന്തി നില്‍ക്കുന്ന ട്രംപിന്റെ ചിത്രത്തിനെതിരെ വാഷിങ്ടണ്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഡി ഗ്രിഗറിയും രംഗത്തെത്തി. പ്രസിഡണ്ടിന്റെ നടപടി നന്ദ്യവും അമ്പരപ്പിക്കുന്നതുമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

SHARE