ഗോവ ചലച്ചിത്രോത്സവത്തില്‍ എസ്. ദുര്‍ഗ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും

പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ്.ദുര്‍ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വൈകിട്ട് ആറിനാണ് പ്രദര്‍ശനമെന്ന് ജൂറി അംഗം വെളിപ്പെടുത്തി. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം സിനിമയുടെ സെന്‍സര്‍ ചെയ്ത കോപ്പിയും സര്‍ട്ടിഫിക്കറ്റും സംവിധായകന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനിത് ടാണ്ടന് കൈമാറിയതായി അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ, ഹൈക്കോടതി വിധിക്കു ശേഷവും സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ ചൊല്ലി ആശങ്കകള്‍ നിലനിന്നിരുന്നു. സിംഗിള്‍ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിനു മുമ്പാകെ കേന്ദ്രം അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
നേരത്തെ, ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന എസ്.ദുര്‍ഗ, മറാഠി സിനിമയായ നൂഡ് എന്നിവ മുന്നറിയിപ്പില്ലാതെ ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. സിനിമകള്‍ തങ്ങളുടെ സമ്മതമില്ലാതെ ഒഴിവാക്കിയതിനെ തുടര്‍ന്ന് ജൂറി പാനല്‍ മേധാവി സുജോയ് ഘോഷ് രാജിവെച്ചിരുന്നു.