നോട്ട് നിരോധനത്തിന് ശേഷം ജനത്തെ വലച്ച് രാജ്യത്ത് നോട്ട്ക്ഷാമവും; 2000ന്റെ നോട്ടുകള്‍ പൂഴ്ത്തിയതായി സംശയമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: 2000 രൂപയുടെ നോട്ടുകള്‍ പൂഴ്ത്തിയതായി സംശയമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാജപുരില്‍ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

നോട്ട് അസാധുവാക്കലിന് മുമ്പ് 15 ലക്ഷം കോടിയുടെ കറന്‍സി നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം 16,50000 കോടിയായി ഇത് വര്‍ധിച്ചു. എന്നാല്‍ വിപണയില്‍ 2000 ത്തിന്റെ നോട്ടുകള്‍ കാണാതാവുകയാണ്. ഈ നോട്ടുകള്‍ പൂഴ്ത്തിയതായി സംശയമുണ്ടെന്നും ചൗഹാന്‍ രാജ്യത്തെ നോട്ട് ക്ഷാമത്തെ ബന്ധപ്പെടുത്തി പറഞ്ഞു.

2000ത്തിന്റെ നോട്ടുകള്‍ എവിടേക്കാണ് പോകുന്നത്, ആരാണ് ഇതൊക്കെ സൂക്ഷിച്ച് വെച്ച് പണത്തിന്റെ കുറവ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷയം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലിയാണ്. കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ആസ്സാം,യു.പി, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് എ.ടി.എമ്മുകളില്‍ നോട്ട്ക്ഷാമമുള്ളത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് നോട്ടില്ലാത്ത മറ്റൊരു പ്രതിസന്ധികൂടി ഉണ്ടായിരിക്കുകയാണിപ്പോള്‍.

വിഷുവടക്കമുള്ള ആഘോഷങ്ങള്‍ക്കും ഉത്സവസീസണുകളിലും ജനം കൂടുതല്‍ പണം പിന്‍വലിച്ചതാണ് നോട്ട് ക്ഷാമത്തിന് കാരണമെന്നാണ് ആര്‍.ബി.ഐ വിശദീകരണം. മൂന്ന് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. അതേസമയം, പ്രശ്‌നം പഠിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഉന്നതതലസമിതി രൂപീകരിച്ചു. പണം കുടുതലുള്ള ഇടങ്ങളില്‍ നിന്ന് പണമെത്തിക്കാന്‍ ശ്രമിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു.

SHARE