ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാന്‍ യുവതി ദുബൈയിലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നു ചാടി; ഗുരുതര പരിക്ക്

ദുബൈ: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ദുബൈയിലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് താഴേക്കു ചാടിയ റഷ്യന്‍ യുവതിക്ക് ഗുരുതര പരിക്ക്. റഷ്യന്‍ മോഡല്‍ എകത്രീന സ്‌റ്റെറ്റ്‌സ്‌യുക് (22) ആണ് എമിറേറ്റ്‌സ് സിറ്റിയിലെ ഒരു ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നു ചാടിയത്. യുവതിക്ക് നട്ടെല്ലില്‍ ഗുരുതര പരിക്കുകളുണ്ട്.

കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അമേരിക്കന്‍ വ്യവസായിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് എകത്രീന സാഹസത്തിന് മുതിര്‍ന്നത് എന്നാണ് വിവരം. യുവതിയുമായുള്ള മല്‍പ്പിടുത്തത്തില്‍ വ്യവസായിക്ക് കത്തികൊണ്ട് പരിക്കേറ്റതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബൈ വിടാനുള്ള ശ്രമത്തിനിടെ ഇയാള്‍ എയര്‍പോര്‍ട്ടില്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് 15 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാം.

നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ യുവതി ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയയായിട്ടുണ്ട്. സ്‌പൈനല്‍ കോര്‍ഡിന് പരിക്കില്ലാത്തതിനാല്‍ ഇവര്‍ക്ക് ആഴ്ചകള്‍ കൊണ്ട് നടക്കാന്‍ കഴിഞ്ഞേക്കും. അതേസമയം, തന്റെ മകള്‍ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് എകത്രിനയുടെ അമ്മ ആരോപിക്കുന്നതായി ഒരു റഷ്യന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

എകത്രിനയുടെ കാര്യത്തില്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് യു.എ.ഇയിലെ റഷ്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.