ദ്രാസ്തവിച്ചേ കമാലു

കമാല്‍ വരദൂര്‍

ഞായറാഴ്ച്ച മോസ്‌ക്കോയിലെ ലൂസിനിക്കി സ്റ്റേഡിയത്തിലിരിക്കുകയായിരുന്നു. ജര്‍മനിയും മെക്‌സിക്കോയും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റ് ഉറപ്പായിരുന്നില്ല. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അസംഖ്യം മാധ്യമ പ്രവര്‍ത്തകരുള്ള സാഹചര്യത്തില്‍ മീഡിയാ ടിക്കറ്റിനും വലിയ തിരക്കാണ്. ഫിഫ വളരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന കാര്യം മീഡിയാ ടിക്കറ്റ് ഫിഫയുടെ റാങ്കിംഗ് അനുസരിച്ചേ കൊടുക്കു എന്നതാണ്. മല്‍സരിക്കുന്ന രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന. പിന്നെ ആതിഥേയ രാജ്യത്തിലെ മീഡിയക്ക്. ശേഷം റാങ്കിംഗ് പോലെ. ഇന്ത്യ ഇത് വരെ ലോകകപ്പ് കളിക്കാത്ത രാജ്യമായതിനല്‍ നമ്മളെന്നും പിന്‍ബെഞ്ചില്‍ തന്നെ. റാങ്കിംഗ് നോക്കിയാല്‍ നൂറും കഴിയും. പതിനഞ്ചോളം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരാണ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് പേര്‍. മല്‍സരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ വിളിക്കുക. ആദ്യ മല്‍സരങ്ങള്‍ക്കെല്ലാം ടിക്കറ്റുണ്ടായിരുന്നു. രണ്ട് ലോകകപ്പുകള്‍ ഉള്‍പ്പെടെ ഫിഫയുടെ ധാരാളം അംഗീകൃത ചാമ്പ്യന്‍ഷിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍ഗണനയും ഫിഫ ഉറപ്പ് നല്‍കുന്നുണ്ട്. മീഡിയ സെന്ററില്‍ നല്ല തിരക്കായിരുന്നു. ജര്‍മനിയുടെ ആദ്യ മല്‍സരമെന്ന പ്രാധാന്യത്തിലും മെക്‌സിക്കോയില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരുടെ ആവേശമായിരുന്നു തിരക്കിന് പ്രധാന കാരണം. ഇംഗ്ലീഷ് സംസാരിക്കാത്ത മെക്‌സിക്കോക്കാര്‍ ടിക്കറ്റിനായി ബഹളം വെക്കുന്നതിനിടെ ഫിഫ മിഡീയാ ഓഫിസര്‍ മൈക്കെടുത്തു. വെയ്റ്റിംഗ് ലിസ്റ്റിലെ മാധ്യമ പ്രവര്‍ത്തകരെ റഷ്യന്‍ ഭാഷയില്‍ വിളിക്കാന്‍ തുടങ്ങി. കടിച്ചാല്‍ പൊട്ടാത്ത പേരുകളാണ് വിളിച്ച് കൊണ്ടിരിക്കുന്നത്. 202 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുണ്ടിവിടെ. പലവിധ ഭാഷകള്‍, പ്രയോഗങ്ങള്‍, പേരുകള്‍… അതിനിടെ ദ്രാസ്തവിച്ചെ കമാലു എന്ന് രണ്ട് വട്ടം വിളിച്ചു… ഏതോ റഷ്യക്കാരന്റെ പേരാവുമെന്നാണ് കരുതിയത്. ശ്രദ്ധിച്ചതുമില്ല. അരികിലുണ്ടായിരുന്ന സുഹൃത്ത് കാമറൂണുകാരന്‍ നഹ എന്നോട് പറഞ്ഞു നിങ്ങളെ വിളിക്കുന്നു എന്ന്… വീണ്ടും ആ വിളി വന്നു ദ്രാസ്തവിച്ചെ കമാലു ഫ്രം ഇന്‍ഡ്….. മൂന്ന് തവണ വിളിച്ചാല്‍ പിന്നെ വിളിയില്ല.. ഞാന്‍ ചാടിയെഴുന്നേറ്റ് ഓഫീസറുടെ മുന്നിലെത്തി അക്രഡിറ്റേഷന്‍ കാണിച്ചപ്പോള്‍ അത് നുമ്മ തന്നെ……ബഹുമാനപ്പെട്ട കമാല്‍….. അതാണ് ദ്രാസ്തവിച്ചേ കമാലു….

മോസ്‌ക്കോയിലെ ഹയര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്‌

റഷ്യന്‍ ഭാഷ വലിയ പുലിവാലാണ്…. ഇവിടെ എല്ലാവരും സംസാരിക്കുന്നത് റഷ്യന്‍. അത്യാവശ്യ ഇംഗ്ലീഷിന് പോലും നോ രക്ഷ. റഷ്യന്‍ ഭാഷയില്‍ നമ്മുടെ പേര് പോലും മാറും. ഞാന്‍ കമാലുവാണ്…. ആദ്യം അവര്‍ കമാലു എന്ന് വിളിച്ചതിന് ശേഷം എന്നെ കാണാതിരുന്നപ്പോള്‍ ദ്രാസ്തവിച്ചെ കൂട്ടിയതാണ്. ഇന്ത്യയെ ഇന്‍ഡ് എന്നാണ് വിളിക്കുന്നത്. എല്ലാം ചേര്‍ത്തപ്പോള്‍ നമ്മള്‍ പുതിയ പേരുകാരനായി.
റഷ്യയില്‍ വന്നപ്പോള്‍ ആദ്യം തന്നെ പഠിച്ച പദം ‘പ്രീവിയത്തെ’ എന്നാണ്…. അത് പഠിക്കാന്‍ കാരണമുണ്ട്-എല്ലായിടത്തും എല്ലാവരും പ്രീവിയത്തെ എന്നാണ് അഭിസംബോധന ചെയ്യുന്നത്. കക്ഷി നമ്മുടെ ഹലോ എന്ന പദമാണ്… പ്രീവിയത്തെ, കാക്ദിലാ എന്ന് പറഞ്ഞാല്‍ ഗംഭീരമായി-ഹലോ ഹൗ ആര്‍ യു എന്ന് സാരം. ഇതിപ്പോള്‍ മന:പാഠമാണ്. അവരുടെ ഭാഷയില്‍ ചോദിച്ചാല്‍ റഷ്യക്കാര്‍ക്ക് വലിയ ഇഷ്ടമാണ് നമ്മോട്… എന്ന് കരുതി അവര്‍ അടുത്ത പ്രയോഗവും റഷ്യനില്‍ നടത്തിയാല്‍ കുടുങ്ങും. പിന്നെ നമ്മുടെ പതിവ് ആംഗ്യഭാഷ തന്നെ ശരണം. നമ്മുടെ സംസ്‌കൃതം റഷ്യനില്‍ വല്ലാതെ കൂടിചേരുന്നുണ്ട്. പല പദങ്ങള്‍ക്കും സംസ്‌കൃത ഛായയുണ്ട്. അതിവേഗം സംസാരിക്കുന്നവരാണ് റഷ്യക്കാര്‍. മെട്രോയിലും ബസ്സിലുമെല്ലാം സഞ്ചരിക്കുമ്പോള്‍ ജഗപൊഗയാണ് സംസാരം. റഷ്യന്‍ പദാവലിയാവട്ടെ നമ്മള്‍ ഇംഗ്ലീഷില്‍ ക്യാപിറ്റല്‍ ലെറ്ററില്‍ എഴുതുന്നത് പോലെ ചിത്രലിപിയുള്ള എഴുത്താണ്. എല്ലായിടത്തും ബോര്‍ഡുകളും കമാനങ്ങളും സൂചികകളുമെല്ലാം റഷ്യനില്‍ തന്നെ. മെട്രോയില്‍ പക്ഷേ ഇംഗ്ലീഷുണ്ട്… നമ്മള്‍ ഓരോ സ്‌റ്റേഷനിലുമെത്തുമ്പോള്‍ ആ സ്‌റ്റേഷനെക്കുറിച്ചും അടുത്ത സ്‌റ്റേഷനെക്കുറിച്ചും ആദ്യം റഷ്യനിലും പിന്നെ ഇംഗ്ലീഷിലും പറയും. അത് വലിയ അനുഗ്രഹമാണ്. കാരണം ഒരു മിനുട്ട് മാത്രമാണ് ഓരോ സ്റ്റേഷനിലും വണ്ടി നിര്‍ത്തുക. ആ സമയത്തിനകം സ്‌റ്റേഷന്‍ മനസ്സിലാക്കി ഇറങ്ങിയില്ലെങ്കില്‍ വണ്ടി ശരവേഗതയില്‍ അടുത്ത സ്‌റ്റേഷനിലെത്തും.
നമ്മുടെ കാര്‍ റഷ്യക്കാര്‍ക്ക് മെഷീനയാണ്… കാറിനെ വിളിക്കുന്നത് മെഷീന. ബസ്സിനെ വിളിക്കുന്നത് അഫ്‌ത്തോബുസ്.. ടിക്കറ്റിന് പറയുന്നത് കാസ. സ്‌കൂള്‍ സമ്പ്രദായം ശക്തമാണ് റഷ്യയില്‍. സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠനവുമുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷാണ് ഇവര്‍ അഭ്യസിപ്പിക്കുന്നത്. ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ നാല് വരെ ഭാഷ പഠിക്കണം. അതിന് ശേഷം നിങ്ങള്‍ക്ക് രണ്ട് വഴി തെരഞ്ഞെടുക്കാം. ഒന്ന് ഭാഷാ പഠനവും മറ്റൊന്ന് ഗണിത പഠനവുമാണ്. ഇതിനായി നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു പരീക്ഷയുണ്ട്. അതെഴുതണം. ഭാഷാ പഠനത്തിനോട് താല്‍പ്പര്യമുളളവര്‍ക്ക് പിന്നെ ഗണിതം പഠിക്കേണ്ടതില്ല. ഗണിത താല്‍പ്പര്യമുള്ളവര്‍ക്ക് ഭാഷാ പഠനവും നിര്‍ബന്ധമില്ല. അഞ്ചാം തരം മുതല്‍ ക്ലാസ് പതിനൊന്ന് വരെയാണ് ഹൈസ്‌കൂള്‍ തലം. അവിടെ നിന്നും കോളജ് തലം.
അക്കാദമിക് കാര്യങ്ങളില്‍ റഷ്യ യൂറോപ്പില്‍ വളരെ മുന്‍പന്തിയിലാണ്. ലോകതലത്തില്‍ ആറാമത് വരുന്നു റഷ്യന്‍ പഠന നിലവാരം. ശാസ്ത്ര രംഗങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്ന മേഖലയില്‍ റഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ലോകത്ത് ആദ്യ പത്തില്‍ വരുന്നു. റഷ്യയിലെ ഉന്നത വിദ്യാഭ്യാസ നിലവാരത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ധാരാളം രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഇവിടെ വരുന്നു എന്നതാണ്. ലോകതലത്തില്‍ ഇതും ആറാം സ്ഥാനമാണ്. അതായത് ഉപരിപഠനത്തിനായി രാജ്യാന്തര തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ആറാമത്തെ വലിയ രാജ്യമാണ് റഷ്യ. സൗജന്യവും സമഗ്രവുമായ വിദ്യാഭ്യാസ പദ്ധതിയാണ് പുട്ടിന്‍ ഭരണകൂടം നടപ്പിലാക്കുന്നത്. നമ്മുടെ നാട്ടിലേത് പോലെ തന്നെ ഹയര്‍ സെക്കന്‍ഡറി തലം വരെ സാര്‍വത്രികമായ സൗജന്യ വിദ്യാഭ്യാസമാണ്. സ്‌കൂളുകളില്‍ ഭക്ഷണവും സൗജന്യം. അനാഥരായ കുട്ടികള്‍, ശാരീരിക പ്രയാസങ്ങളുളള കുട്ടികള്‍, റഷ്യന്‍ പൗരത്വം നേടിയ വിദേശികളുടെ മക്കള്‍ എന്നിവര്‍ക്കെല്ലാം കൂടുതല്‍ ഇളവുകളുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളും പരിസരങ്ങളുമെല്ലാം സുന്ദരമാണ്. നമ്മുടെ നാട്ടിലേത് പോലെ തട്ടുകടക്കാരെയോ, ചില്ലറ വില്‍പ്പനക്കാരെയോ ഒന്നും ആ പരിസരങ്ങളിലേക്ക് അടുപ്പിക്കില്ല. രാവിലെ 8-40ന് സ്‌കൂള്‍ തുടങ്ങും. ഉച്ചക്ക് 2-30ന് അവസാനിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയാണ്. മൂന്ന മാസക്കാലമാണ് വാര്‍ഷികാവധി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍. ഈ കാലത്ത് മിക്ക റഷ്യക്കാരും വിദേശത്തായിരിക്കും അവധി ആഘോഷമാക്കുക.