റഷ്യന്‍ വിമാനത്തിലെ തീപിടിത്തം ; 41പേര്‍ മരിച്ചു

റഷ്യയില്‍ എമര്‍ജന്‍സി ലാന്റിങ്ങിനിടയില്‍ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മോസ്‌കോ വിമാനത്താവളത്തിലാണ് സംഭവം. സുകോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്.
പറന്നുയര്‍ന്ന ഉടനേ സിഗ്‌നല്‍ തകരാറിലായ വിമാനം തിരിച്ചിറക്കിയെങ്കിലും തീപിടിക്കുകയായിരുന്നു. ജീവനക്കാരുള്‍പ്പെടെ 78 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തീപിടുത്തം ഉണ്ടായതിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിലെ ജീവനക്കാരും കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.