ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ നാളെ; പ്രതീക്ഷയ്ക്കും ആശങ്കയ്ക്കുമിടയില്‍ ലോകം

മോസ്‌കോ: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്കെതിരെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ റഷ്യ നാളെ രജിസ്റ്റര്‍ ചെയ്യും. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് ഓഗസ്റ്റ് 12 ന് പുറത്തിറക്കുന്നത്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങളെ കുറിച്ചും അതിന്റെ ആധികാരികതയെ കുറിച്ചും വിദഗ്ദ്ധര്‍ ആശങ്ക രേഖപ്പെടുത്തുന്ന വേളയിലാണ് വാക്‌സിന്‍ പുറത്തു വരുന്നത്. എല്ലാ വിവരങ്ങളും വിദഗ്ദ്ധര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നും അതിന് അനുസൃതമായി ആയിരിക്കും വാക്‌സിന്‍ പുറത്തിറക്കുക എന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

വാക്‌സിന്റെ മൂന്നാം ഘട്ടപരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റഷ്യന്‍ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഒലഗ് ഗ്രിദ്‌നേവ് അവകാശപ്പെട്ടത്. മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക എന്നും അദ്ദേഹം വ്യക്തമാക്കി. ബുര്‍ദെന്‍കോ മെയിന്‍ മിലിറ്ററി ക്ലിനിക്കല്‍ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയില്‍ വാക്സിന്‍ ലഭിച്ചവര്‍ക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്സിന് മറ്റ് പാര്‍ശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞതായി റഷ്യ പറയുന്നു.

എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അതിസങ്കീര്‍ണമായ മൂന്നാംഘട്ട പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്സിനുകളില്‍ റഷ്യന്‍ വാക്സിന്‍ ഇടംനേടിയിട്ടില്ല. ഈ ആറ് വാക്സിനുകളില്‍ മൂന്നെണ്ണം ചൈനയില്‍ നിന്നും, ഒരെണ്ണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവര്‍ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷര്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ചതുമാണ്. അതുകൊണ്ട് തന്നെ റഷ്യന്‍ ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നത് വിപത്തിന് വഴിവയ്ക്കും എന്ന ആശങ്കയുണ്ട്. വാക്‌സിന്‍ വികസിപ്പിക്കുമ്പോള്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്.

ജൂണ്‍ 18നാണ് റഷ്യ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. 38 വോളണ്ടിയര്‍മാര്‍ പരീക്ഷണത്തിന്റെ ഭാഗമായി. ബുര്‍ദെന്‍ങ്കോ മെയിന്‍ മിലിറ്ററി ക്ലിനിക്കല്‍ ഹോസ്പിറ്റലിലും സെച്‌നോവ് ഫസ്റ്റ് മോസ്‌കോ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പരീക്ഷണങ്ങള്‍.

SHARE