കോവിഡിന് മരുന്നു കണ്ടെത്തിയെന്ന് റഷ്യ; അടുത്തയാഴ്ച മുതല്‍ ഉപയോഗം- നിര്‍ണായക വഴിത്തിരിവ്

മോസ്‌കോ: നോവല്‍ കൊറോണ വൈറസ് ബാധിതരില്‍ ‘അംഗീകൃത’ മരുന്നു കുത്തിവയ്ക്കാന്‍ റഷ്യ. രാജ്യത്തെ കോവിഡ് ബാധിതര്‍ അഞ്ചു ലക്ഷം കടന്ന വേളയിലാണ് സുപ്രധാന തീരുമാനം. ലോകത്ത് ആദ്യമായാണ് കോവിഡിനെതിരെ ഒരു അംഗീകൃത മരുന്ന് ഉപയോഗിക്കുന്നത്.

അവിഫാവിര്‍ എന്ന പേരിലാണ് പുതിയ ആന്റി വൈറല്‍ മരുന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ ക്ലിനിക്കുകളിലൂടെ ഇത് രോഗികള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് രാജ്യത്തെ പരമാധികാര വെല്‍ത്ത് ഫണ്ടായ ആര്‍.ഡി.ഐ.എഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. ചെംറാര്‍ എന്ന കമ്പനിയാണ് മരുന്നു വികസിപ്പിച്ചത്. മരുന്നു പരീക്ഷണത്തില്‍ കമ്പനിക്കുള്ള അമ്പത് ശതമാനം സാമ്പത്തിക സഹായവും നല്‍കിയത് ആര്‍.ഡി.ഐ.എഫ് ആണ്.

പ്രത്യേക നടപടിക്രമങ്ങളിലൂടെയാണ് ആരോഗ്യ മന്ത്രാലയം മരുന്നിന് അനുമതി നല്‍കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കുറച്ചു പേരിലാണ് മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടന്നത്. മാസത്തില്‍ അറുപതിനായിരം പേര്‍ക്ക് മരുന്നു നല്‍കാനാണ് പദ്ധതിയെന്ന് ആര്‍.ഡി.ഐ.എഫ് മേധാവി ദിമിത്രീവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പത്തിലേറെ രാജ്യങ്ങള്‍ മരുന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇതുവരെ 330 പേരില്‍ മരുന്നു പരീക്ഷിച്ച് വിജയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

യു.എസും ബ്രസീലും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് റഷ്യയിലാണ്. 502,436 പോസിറ്റീവ് കേസുകള്‍. എന്നാല്‍ താരതമ്യേന കുറച്ച മരണ നിരക്കാണ് ഉള്ളത്. 6532 പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്.

SHARE