മോസ്കോ: സാര്‍സ്-കോവ്-2 എന്ന കൊറോണ വൈറസിനെതിരായ നിര്‍ണായക കണ്ടെത്തലായ ആദ്യ വാക്സിനായി ‘സ്പുട്നിക് വി’ ഉപയോഗിക്കുന്നതിന് റഷ്യയില്‍ അംഗീകാരം ലഭിച്ചു. പരാശ്വഫലങ്ങളെ കുറിച്ചുള്ള ശരിയായ ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും രംഗത്തെത്തിയിരിക്കെയാണ് പ്രസിഡന്റ് പുടിന് പുറത്തുവിട്ട വാക്സിന് രാജ്യം അംഗീകാരം നല്‍കിയത്. ‘സ്പുട്നിക് വി’ എന്ന റഷ്യന്‍ കോവിഡ് വാക്സിന് ലളിതവും ഫലപ്രദവും വിശ്വസനീയവുമാണെന്ന് റഷ്യന്‍ മരുന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് ആറുമാസം കഴിഞ്ഞിരിക്കെ ചൊവ്വാഴ്ച (ആഗസ്ത് 11)യാണ് റഷ്യന്പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് നിര്‍ണായക കോവിഡ് -19 വാക്സിന് പ്രഖ്യാപനം നടത്തിയത്. കോവിഡ് വാക്സിന് പുറത്തെത്തിയതായും തന്റെ പെണ്മക്കളില് ഒരാള്‍ക്ക് വാക്സിന് നല്‍കിയതായും വരുന്ന ഒക്ടോബറോടെ കൂ്ട്ട വാക്സിനേഷന് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും പുടിന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള വിവിധമേഖലകളിലെ ആരോഗ്യ വിദഗ്ധര്‍ വാക്സിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് സംശയം പ്രകടിപ്പിച്ചു. മനുഷ്യല്‍ പരീക്ഷണം നടത്തിയതിന്റെ റിപ്പോര്‍ട്ടുകളോ വിവരങ്ങളോ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയരുന്നത്. നിലവില്‍ ടെസ്റ്റുകളില്‍ ഏര്പ്പെടുത്തായി കാണിക്കുന്ന ആളുകളുടെ എണ്ണം ഏകദേശം 76 പേര് മാത്രമാണെന്നും ഇത് പരീക്ഷണങ്ങളെ സംബന്ധിച്ച് വളരെ പരിമിതമായ എണ്ണമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റഷ്യന്‍ കോവിഡ് വാക്സിന് മികച്ച മരുന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നതാണെന്ന് മോസ്കോ സിറ്റി ഹോസ്പിറ്റലിലെ മുരുന്ന് വിഭാഗം ഡെപ്യൂട്ടി ഹെഡ് സെര്‍ജി സാരെങ്കോ പറഞ്ഞു. സ്പുട്നിക് വി വാക്സിനില്‍ രണ്ട് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതായും ആദ്യത്തേത് നിരുപദ്രവകാരിയായ അഡെനോവൈറസ് ആണെന്നും രണ്ടാമത്തെ ഘടകം, COVID-19 ജീനോമിന്റെ ഒരു ഭാഗം അല്ലെങ്കില്‍ മനുഷ്യ ശരീരത്തില്‍ ഒരു’ ഓര്‍ബിറ്റല്‍ സ്റ്റേഷന്’ രൂപപ്പെടുത്തുന്ന ‘റോക്കറ്റ് കാരിയര്‍’, ആണെനന്നും സാരെങ്കോ കൂട്ടിച്ചേര്‍ത്തു.
രണ്ടു ഘട്ടമായാണ് കുത്തിവെയ്പ്പെന്നും, പ്രതിരോധ ശേഷി കൂട്ടുകയും പിന്നാലെ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതുമാണ് ഈ വാക്സിനിലൂടെ നടക്കുന്നതെന്ന് ഡോക്ടര്‍ വിശദീകരിച്ചു.
സ്പുട്നിക് വി വാക്സിനെതിരെ ഉയരുന്ന നെഗറ്റീവ് ‘കാമ്പെയ്ന്’നെതിരെയും സാരെങ്കോ പ്രതികരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്പുട്നിക് വി വാക്സിന് ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്കോ വ്യക്തമാക്കി..