മോസ്കോ: ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്കി റഷ്യയില്‍നിന്നുള്ള വാര്‍ത്ത. ലോകത്തെ ആദ്യ കോവിഡ് വാക്സീന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്സീന് നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്സീന് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്സീന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്സിനേഷന് ക്യാംപെയ്ന് നടപ്പാക്കാനൊരുങ്ങുകയാണ് റഷ്യ. നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്സിനുകളിലൊന്ന് ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്കോ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മോസ്കോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗാമലെയ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വാക്സീന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായത്. വാക്സീന് ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇനി വാക്സിനേഷന് നടപടിയിലേക്കു കടക്കും.
ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായിരിക്കും ആദ്യം വാക്സീന് നല്‍കുക. അതേസമയം, ഇത്രയേറെ വേഗത്തില്‍ വാക്സീന് മനുഷ്യരില്‍ കൂട്ടമായി പരീക്ഷിക്കുന്നതിനെ ഒരു വിഭാഗം ഗവേഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ശാസ്ത്രത്തെയും ജനങ്ങളുടെയും സുരക്ഷ കണക്കാക്കാതെ രാജ്യത്തിന്റെ അഭിമാനം മാത്രം മനസ്സില്‍വച്ചാണ് റഷ്യ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. നൂറോളം വാക്സിനുകളാണ് നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ പ്രതിരോധിക്കാന്‍ തയാറാകുന്നത്. നാലെണ്ണം മൂന്നാം ഘട്ടത്തിലെത്തി മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയാണ്. അതില്‍ മൂന്നെണ്ണം ചൈനയിലും ഒന്ന് ബ്രിട്ടനിലാണെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.