വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ച്ചക്കുള്ളില്‍, വിദേശരാജ്യങ്ങള്‍ക്കും നല്‍കും; റഷ്യന്‍ ആരോഗ്യമന്ത്രി

മോസ്‌കോ: കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി. ആദ്യം രാജ്യത്തിനാണ് മുന്‍ഗണന. വാക്‌സിന് വലിയ തോതിലുളള കയറ്റുമതി സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ ആഭ്യന്തര വിപണിയെയാണ് പരിഗണിക്കുന്നതെന്നും ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് കോവിഡ് വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്തതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. ഉപയോഗത്തിനായി വാക്‌സിന്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതായും പുടിന്‍ വ്യക്തമാക്കിയിരുന്നു.ലോകത്ത് ആദ്യമായാണ് ഒരു രാജ്യം വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്തതായി പ്രഖ്യാപനം നടത്തിയത്. നിലവില്‍ തന്നെ നിരവധി ഡോക്ടര്‍മാര്‍ക്ക് കോവിഡിനെതിരെയുളള സ്വാഭാവികമായ രോഗപ്രതിരോധശേഷി ലഭിച്ചിട്ടുണ്ട്. ഇത് ഏകദേശം 20 ശതമാനം വരും. കുത്തിവെയ്പ് വേണോ, വേണ്ടയോ എന്ന് ഡോക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

SHARE