റഷ്യന്‍ വിമാന ദുരന്തം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെ; അന്വേഷണം ആരംഭിച്ചു

മോസ്‌കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തടസ്സം കാരണം വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നുവെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ ദുരന്ത കാരണം അധികം വൈകാതെ അറിയുമെന്നാണ് കരുതുന്നത്.

ഞായറാഴ്ച ഉച്ചക്ക് 2:48 ന് (ഇന്ത്യന്‍ സമയം വൈകീട്ട് 5.38) റെമനെസ്‌കി ജില്ലയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ സരാറ്റോവ് എയര്‍ലൈന്‍സിന്റെ അന്റോനോവ് ഏന്‍ 148 ഗണത്തില്‍പ്പെട്ട വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

ദുരന്തത്തെ തുടര്‍ന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മുഹ്മൂദ് അബ്ബാസുമായി ക്രെംലിനില്‍ നടത്താനിരുന്ന കൂടിക്കാഴ്ച പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിന്‍ മോസ്‌കോയിലേക്ക് മാറ്റി. നാനൂറിലധികമാളുകള്‍ സുരക്ഷാ, തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ദൊമെദോവോ വിമാനത്താവളത്തില്‍ിന്ന് ഓര്‍സ്‌കിലേക്ക് പുറപ്പെട്ട വിമാനത്തില്‍ കുട്ടികളടക്കം 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് മിനുട്ടുകള്‍ക്കകം വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോൡന് നഷ്ടമാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്രാമപ്രദേശത്തെ മഞ്ഞില്‍ പുതഞ്ഞ സ്ഥലത്ത് വിമാനം തകര്‍ന്നു കിടക്കുന്നത് കണ്ടെത്തി. കനത്ത മഞ്ഞായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ കാല്‍നടയായാണ് അപടകസ്ഥലത്ത് എത്തിയത്.

തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിവിധ ഗ്രാമങ്ങളിലായി ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു. രണ്ട് ബ്ലാക്ക്‌ബോക്‌സുകളും കണ്ടെടുത്തിട്ടുണ്ട്. റഷ്യക്കാര്‍ക്കു പുറമെ സ്വിറ്റ്‌സര്‍ലാന്റ്, അസര്‍ബെയ്ജാന്‍, കസഖ്സ്ഥാന്‍ രാജ്യങ്ങളിലെ പൗരന്മാരും മൂന്ന് കുട്ടികളും യാത്രക്കാരിലുണ്ടായിരുന്നതായി എമര്‍ജന്‍സി മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ഉക്രെയ്‌നിലെ അന്റോനോവ് കോര്‍പറേഷന്‍ നിര്‍മിച്ച ചെറുവിമാനം 2004 മുതല്‍ സര്‍വീസിലുള്ളതാണ്. കഠിനമായ അന്തരീക്ഷത്തില്‍ പറക്കാനുള്ള പരിശീലനം നേടിയവരായിരുന്നു വിമാന ജീവനക്കാരെന്ന് അധികൃതര്‍ പറഞ്ഞു.