സമാധാന ശ്രമങ്ങള്‍ക്ക് തുടക്കം; സിറിയയില്‍ യു.എസ്-റഷ്യ വെടിനിര്‍ത്തലിന് ധാരണ

തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും ധാരണയായി. ജി20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌട്മിര്‍ പുട്ടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയെന്ന് ഇരുരാഷ്ട്രങ്ങളുടേയും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഹാംബര്‍ഗില്‍ വെള്ളിയാഴ്ച്ച നടന്ന 20രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ജി20 ഉച്ചകോടിയിലാണ് വെടിനിര്‍ത്തല്‍ ധാരണ. ഞായറാഴ്ച്ച പ്രാദേശികസമയം ഒന്‍പതിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനെ ഉദ്ധരിച്ച് ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാകുന്നുണ്ടോയെന്ന് എല്ലാ സംഘങ്ങളും നിരീക്ഷണവിധേയമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ സിറിയയുടെ ഏതെല്ലാം ഭാഗങ്ങളില്‍ നടപ്പിലാക്കണമെന്നതിനെക്കുറിച്ച് വ്യക്തമല്ല. അതേസമയം, നേരത്തെ അമേരിക്കയും റഷ്യയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ജോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശമായ ദേരയിലും ഇസ്രായേല്‍ അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ജോര്‍ദ്ദാന്‍ നേരത്തെതന്നെ ഈ ദൗത്യത്തില്‍ പങ്കുകാരാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞു. യു.എസും റഷ്യയും തമ്മില്‍ ആദ്യമായാണ് ഇത്തരത്തില്‍ സംയുക്ത നീക്കം നടത്തുന്നത്. ഭാവിയില്‍ നടത്തുന്ന തുടര്‍ചര്‍ച്ചകളില്‍ സിറിയയില്‍ സംയുക്തമായി കൂടുതല്‍ നീക്കം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.