ഗോള്‍ഡ്മാന്‍ സാക്‌സിലെ ജോലി വേണ്ടെന്നു വച്ചു; 22-ാം വയസ്സില്‍, ആദ്യ ശ്രമത്തില്‍ തന്നെ റുമൈസ ഫാത്തിമ സിവില്‍ സര്‍വീസിലേക്ക്

തൃശൂര്‍: 22 വയസ്സേയുള്ളൂ റുമൈസ ഫാത്തിമയ്ക്ക്. പ്രായത്തില്‍ കവിഞ്ഞ പക്വതയും വിജ്ഞാനവും കൂട്ടുവന്നപ്പോള്‍ റുമൈസ കീഴടക്കിയത് സിവില്‍ സര്‍വീസിന്റെ വിജയപര്‍വം. ആദ്യ ശ്രമത്തില്‍ 185-ാം റാങ്ക് നേടിയാണ് റുമൈസ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്. യു.എസ് ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ ജോലി വേണ്ടെന്നു വച്ചാണ് ഇവര്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്.

ഗുരുവായൂര്‍ കാരക്കാട് പുത്തന്‍പുരയില്‍ വീട്ടില്‍ ആര്‍.വി. അബ്ദുള്‍ ലത്തീഫിന്റെയും വി.കെ. സക്കീനയുടെയും മകളാണ്. 2018-ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷം തിരുവനന്തപുരം ഐലേണ്‍ അക്കാദമിയിലായിരുന്നു സിവില്‍ സര്‍വീസസ് പഠനം.
കൊച്ചുനാളിലേ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം റുമൈസക്കുള്ളിലുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പത്താംതരത്തില്‍ ഫുള്‍ എവണ്‍ ഗ്രേഡ് നേടിയിട്ടും ഹയര്‍സെക്കന്‍ഡറിക്ക് കൊമേഴ്‌സ് ഗ്രൂപ്പ് തെരഞ്ഞെടുത്തു.

ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. സ്‌കൂളില്‍നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍ ബി.എ. ഇക്കണോമിക്‌സിന് ചേര്‍ന്നു. ബിരുദപഠനത്തന് ശേഷം രണ്ടു മാസം ഗോള്‍ഡ്മാന്‍ സാക്‌സിന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നു. അതിനു ശേഷം ഓഫര്‍ ലെറ്റര്‍ വന്നു. പ്രതിവര്‍ഷം ആറു ലക്ഷം രൂപ ശമ്പളം. എന്നാല്‍ നേരത്തെ ഒരു ലക്ഷ്യം മനസ്സിലുറപ്പിച്ചിരുന്നതിനാല്‍ അതില്‍ വീണില്ല.

ഗുരുവായൂര്‍ ഇന്ദ്രനീലം ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടറാണ് റുമൈസയുടെ പിതാവ് ആര്‍.വി. അബ്ദുള്‍ ലത്തീഫ്. മാതാവ് വി.കെ. സക്കീന. ഡോ. സാദിയ മാഹിര്‍, കോഴിക്കോട് ഐ.ഐ.എമ്മില്‍ എക്‌സിക്യുട്ടീവ് എം.ബി.എ. വിദ്യാര്‍ഥിയായ മുഹമ്മദ് സിയാദ് എന്നിവര്‍ സഹോദരങ്ങള്‍.

SHARE