ആത്മാര്‍ത്ഥമാകണം നിമയവാഴ്ചയുടെ സംരക്ഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ചാരുത കൊണ്ട് വേദികളെ പ്രകമ്പനം കൊള്ളിക്കാറുണ്ട്. മാത്രമല്ല ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങൡലൂടെ പ്രതികരിക്കുന്നതില്‍ ഒരു പിശുക്കും മോദി കാട്ടാറുമില്ല. എന്നാല്‍ നിരവധി സംഭവങ്ങളില്‍ മോദിയുടെ മൗനം ദേശീയ പത്രങ്ങളും ചാനലുകളും ഏറെ തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗോരഖ്പൂര്‍ സംഭവത്തില്‍ മോദിയുടെ മൗനം മനുഷ്യസ്‌നേഹികളെയാകെ അമ്പരിപ്പിച്ചു. ഹരിയാനയില്‍ ആരംഭിച്ച് രാജസ്ഥാനിലും പഞ്ചാബിലുമുള്‍പ്പെടെ പടര്‍ന്നു പിടിച്ച കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി എന്ന നിലയില്‍ മോദി ആദ്യദിനം തന്നെ പ്രതികരിക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്നാം ദിനം എങ്ങും തോടാതെ, ഗുര്‍മീതിനെയോ അദ്ദേഹത്തിന്റെ സംഘടനയെയോ സ്പര്‍ഷിക്കാതെ ഒരു പ്രസ്താവന നടത്തി. മന്‍ കി ബാത് എന്ന സ്വന്തം പരിപാടിയിലാണ് ഹരിയാനയിലെ അക്രമത്തെ മോദി അപലിപ്പിച്ചത്. ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്വീകര്യത കിട്ടില്ലെന്നും ആഘോഷവേളകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആശങ്ക തോന്നുന്നത് സ്വാഭവികമാണെന്നുമുള്ള ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവന. നിയമം കയ്യിലെടുക്കുന്നത് ആരാണെങ്കിലും നടപടി ഉണ്ടാകുമെന്ന ഒരു വാചകം മാത്രമാണ് താക്കീതായുള്ളത്. മോദിയുടെ വാക്കുകളില്‍ തെല്ലുപോലും ആത്മാര്‍ത്ഥത ആരും കാണുന്നില്ല.
ഹരിയാന ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശമുണ്ടായിരുന്നില്ലെങ്കില്‍ മോദിയുടെ പ്രതികരണം ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ബി.ജെ.പിയുടെ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് മോദിയെന്ന കോടതി ഓര്‍മ്മിപ്പിച്ചിരുന്നില്ലെങ്കില്‍ ഗോരഖ്പൂര്‍ സംഭവത്തിലെന്ന പോലെ ഹരിയാന കലാപത്തിലും മോദിയുടെ മൗനം ചരിത്രമാകുമായിരുന്നു.
അതേസമയം ഗുര്‍മീത് സിങിനെ അപലപിക്കാനോ, തള്ളിക്കളയാനോ മോദി തയാറായിട്ടില്ല. വലിയ ആദരവ് ഇപ്പോഴും ബി.ജെ.പി ഗുര്‍മീതിനോട് പുലര്‍ത്തുന്നുമുണ്ട്. സാക്ഷി മഹാരാജിന്റെ പ്രസ്താവന അതിന് തെളിവാണ്. ബി.ജെ.പിയുടെ ഔദ്യോഗിക നയമാണ് സാക്ഷി മഹാരാജ് വെളിപ്പെടുത്തിയതെന്നു വേണം കരുതാന്‍. ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ ഘടകകക്ഷി പോലെ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നു ഗുര്‍മീത് സിങ്. പന്ത്രണ്ടായിരത്തോളം അംഗങ്ങളുള്ള സ്വകാര്യ സേനയുടെ തലവന്‍, അഞ്ച് കോടിയിലേറെ അനുയായികളുള്ള വിവാദ ആത്മീയ നേതാവ്, ആളും അര്‍ത്ഥവും കൊണ്ട് ബി.ജെ.പിയെ എല്ലാ നിലക്കും സഹായിച്ചിട്ടുണ്ട് ഈ വിവാദ നായകന്‍. ഹരിയാന സര്‍ക്കാറിന്റെ പിന്‍ബലം തന്നെ ഈ വിവാദ നായകനാണ്. 35 നിയോജക മണ്ഡലങ്ങളില്‍ വിധി നിര്‍ണിയിക്കുന്നത് ഗുര്‍മീതാണ്. മറ്റ് മണ്ഡലങ്ങളിലും നിര്‍ണായകമാണ് സിര്‍സ ആശ്രമത്തിന്റെ തീരുമാനം. ഹരിയാന കത്തിയെരിഞ്ഞപ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നിശ്ചേതനനായി പോയതും അതുകൊണ്ടാണ്. ഗുജറാത്ത് കലാപവേളയില്‍ മോദിയുടെ അതേ നിലപാടെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ബി.ജെ.പി ഖട്ടറിന് നല്‍കുന്നത് പൂര്‍ണ പിന്തുണയാണ്. ഖട്ടറിന് മാത്രമല്ല, ഗുര്‍മീതിന് കൂടിയുള്ളതാണ് ഈ പിന്തുണ.
ന്യൂ ജെന്‍ ആത്മീയ നേതാവാണ് ഗുര്‍മീത്. കണ്‍കെട്ടു വിദ്യകളല്ല, സിനിമയും സ്റ്റേജ് ഷോയും കൊണ്ട് അനുയായികളെ ആകര്‍ഷിച്ച സൂപ്പര്‍ ഹീറോ. നായകനാകാന്‍ സ്വന്തമായി പടം നിര്‍മിച്ചു. അനീതിക്കെതിരെ പൊരുതുന്ന ആള്‍ ദൈവസമായി സിനിമയില്‍ നിറഞ്ഞുനിന്നു. മെസഞ്ചര്‍ ഓഫ് ഗോഡും ദ വാരിയര്‍ ഓഫ് ലയണ്‍ ഹാര്‍ട്ടും സിനിമാ ഗണത്തില്‍ ആരും പെടുത്തില്ലെങ്കിലും ഗുര്‍മീതിന്റെ അനുയായികളുടെ എണ്ണം കൂട്ടുന്നതില്‍ വലിയ പങ്ക് വഹിച്ചു. മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാന്‍ വിസമ്മതിച്ച സന്‍സര്‍ബോര്‍ഡിന് രാജിവെക്കേണ്ടി വന്നു. ഗുര്‍മീതിന്റെ പിടിപാട് വെളിപ്പെട്ട സംഭവമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ രാജി.
സിര്‍സയിലെ 700 ഏക്കറില്‍ പരന്നു കിടക്കുന്ന ആശ്രമം പോലെ ദ്വന്ദ വ്യക്തിത്വമാണ് ഈ വിവാദ നായകന്റെ പ്രത്യേകത. ആശ്രമത്തിന്റെ രണ്ട് ലോകമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാവര്‍ക്കും പ്രവേശനമുള്ള, ധര്‍മ ശാലയും ആശുപത്രിയുമെല്ലാമുള്ള തുറന്ന മുഖം. രണ്ടാമത്തേത് ഗുര്‍മീതിന്റെ ഭാര്യക്ക് പോലും പ്രവേശനമില്ലാത്ത അധോലോകമാണ്.
1991ലാണ് ദേരാ സച്ചാ സൗദയുടെ തലവനായി ഗുര്‍മീത് എത്തുന്നത്. സിഖ് മതത്തിലെ യാഥാസ്ഥിതികതക്കെതിരെ ശക്തമായ നിലപാടുമായെത്തി, സ്വയം മതമായി പരിണിക്കുകയായിരുന്നു ഗുര്‍മീത്. സിഖ് സംഘടനകളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഇതിനായാണ് ആര്‍.എസ്.എസ്.എസ് (രാഷ്ട്രീയ സമാജ് സേവാ സമിതി) രൂപീകരിച്ചത്. എന്നാല്‍ ഇന്നത് ഗുര്‍മീതിന്റെ ഗുണ്ടാപടയാണ്. എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശമുള്ള, നിയമത്തെ വെല്ലുവിളിക്കുന്ന ഫ്യഡല്‍ സേന. സ്വന്തം സേനയുണ്ടെങ്കിലും ഇസഡ് പ്ലസ് സുരക്ഷയുണ്ട് ഇയാള്‍ക്ക്. രാജ്യത്തെ 36 വി.വി.ഐ.പികളില്‍ ഒരാള്‍.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ അകാലിദള്‍ ഗുര്‍മീതിന്റെ കടുത്ത വിരോധികളാണെങ്കിലും ഒരേ സമയം രണ്ട് പേരെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ബി.ജെ.പി തന്ത്രത്തിന് സാധിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാനയതോടെയാണ് ഇയാള്‍ തുറന്ന പിന്തുണ പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് വാര്‍ഷിക വരുമാനം 70 കോടിയാണ്. ഇപ്പോള്‍ അത് എത്രയോ ഇരട്ടിയായി കാണും. ആയിരക്കണക്കിന് കോടിയുടെ ആസ്തിയുണ്ട്. നികുതി രഹിതമാണ് വരുമാനമെല്ലാം എന്നതുകൊണ്ട് കണക്ക് ആരുടേയും കയ്യില്‍ തിട്ടമായില്ല. നികുതി വെട്ടിപ്പിനും രാഷ്ട്രീയ പിന്തുണക്കും ഗുര്‍മീതിന് ബി.ജെ.പിയെ വേണം. വോട്ട് രാഷ്ട്രീയത്തിന് ബി.ജെ.പിക്ക് ഗുര്‍മീതിനെയും. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതത്തെ മാത്രമല്ല, എല്ലാ വിവാദ നായകരെയും അണച്ചുപിടിക്കാന്‍ തയാറാണ് ബി.ജെ.പി.
ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ഭീതിജനകമാണ് ഹരിയാനയിലെ സംഭവവികാസങ്ങള്‍. ഇന്ന് ഗുര്‍മീതിനെതിരെ കോടതിയുടെ ശിക്ഷാവിധി പുറത്തുവരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങള്‍ ഇന്ത്യന്‍ നിയമ വാഴ്ചയെ സംബന്ധിച്ച് നിര്‍ണായകമാണ്. വിവാദ ആള്‍ ദൈവത്തിനും അനുയായികള്‍ക്കും മുന്നില്‍ മുട്ടുവിറച്ചു നിന്ന ഖട്ടര്‍ സര്‍ക്കാറിനും മോദിക്കും രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിക്കാട്ടാന്‍ ലഭിക്കുന്ന ദിനമാണിന്ന്. ആള്‍ക്കൂട്ടങ്ങള്‍ക്ക് വിധി നിര്‍ണയിക്കാന്‍ ഇന്ത്യന്‍ ജനതയെ വിട്ടുനല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് ലോകത്തെ തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

SHARE