ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

ഗാസിപൂര്‍: ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ കരാന്ദ മേഖലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതരാണ് രാജേഷ് മിശ്ര (35) എന്നയാളെ വെടിവെച്ചു കൊന്നത്. സഹോദരന്റെ കടയില്‍ നില്‍ക്കവെയായിരുന്നു മിശ്രക്കു നേരെയുള്ള ആക്രമണം.

സംഭവ സമയത്ത് മിശ്രക്കൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ അമിതേഷിന് (30) ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും പ്രദേശ വാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ട്രാക്ടറായി ജോലി ചെയ്തു വരികയായിരുന്നു രാജേഷ്.

പഞ്ചാബിലെ ലുധിയാനയില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസെയ്ന്‍ വെടിയേറ്റു മരിച്ച് നാലു ദിവസത്തിനുള്ളിലാണ് ഉത്തര്‍ പ്രദേശിലെ സംഭവം.