കോവിഡ് കാലത്തെ രാമക്ഷേത്ര ഭൂമി പൂജക്കെതിരെ ഹര്‍ജി നല്‍കി; സാമൂഹ്യ പ്രവര്‍ത്തകന് ആര്‍എസ്എസ് വധഭീഷണി

അലഹബാദ്: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായ ഭൂമി പൂജ തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവര്‍ത്തകന് ആര്‍എസ്എസ് വധഭീഷണി. സാകേത് ഗോഖലെ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് വധഭീഷണി നേരിടുന്നത്. രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജ കോവിഡിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും അത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിലാണ് ഗോഖലേ ഹര്‍ജി നല്‍കിയത്. ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് കൂട്ടംകൂടിയെത്തി ജയ് ശ്രീറാം മുഴക്കുന്നവരുടെ വീഡിയോ സാകേത് പുറത്തുവിട്ടു. ഫോണിലൂടെ വധഭീഷണി മുഴക്കുന്നതായും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയില്‍ ഭൂമി പൂജ. തന്റെ മാതാവിനെയും ഭീഷണിപ്പെടുത്തുന്നതായി ഇയാള്‍ പരാതിപ്പെട്ടു.

സാകേത് ഗോഖലേയുടെ ട്വീറ്റ് ഗൗരവമായി കാണണമെന്നും നമ്മള്‍ ജീവിക്കുന്ന ജനാധിപത്യത്തില്‍ ആര്‍എസ്എസ് ഗുണ്ടകളും ഉണ്ടെന്ന മറക്കരുതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി ഗുണ്ടായിസം അനുവദിക്കില്ലെന്നും ഇത് ഉത്തര്‍പ്രദേശ് അല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന പരിപാടിക്കായി ഒരു ലൊക്കേഷനിലേക്ക് 300 പേരെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും ഇത് കോവിഡ് പ്രതിരോധത്തിനായി പറഞ്ഞിരിക്കുന്ന സാമൂഹ്യ അകലം പാലിക്കലിനും കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും കോവിഡ് പ്രതിരോധത്തിനായി നിര്‍ദേശിച്ചിരിക്കുന്ന മറ്റ് കാര്യങ്ങള്‍ക്കും എതിരാണെന്നും സാകേതിന്റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. സാങ്കല്‍പ്പികം ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വാമി ഗോവിന്ദ് ദേവ് ഗിരി തുടങ്ങിയവരെല്ലാം ഭൂമി പൂജയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

SHARE