ഡല്‍ഹി അകലെയല്ല; കേരളത്തിലും മുസ്‌ലിങ്ങള്‍ക്കെതിരെ ആര്‍.എസ്.എസ് തീവ്രവാദികളുടെ കൊലവിളി

കോഴിക്കോട്: ഡല്‍ഹിയില്‍ സി.എ.എ അനുകൂലികളെന്ന പേരില്‍ സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ അതിന്റെ ആവേശത്തില്‍ കേരളത്തിലും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളും പ്രവര്‍ത്തകരും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണവും കൊലവിളിയും തുടരുന്നു. ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍, പ്രതീഷ് വിശ്വനാഥ്, ടി.പി സെന്‍കുമാര്‍, സി.പി സുഗതന്‍ തുടങ്ങിയവര്‍ ഡല്‍ഹിയിലെ സംഘപരിവാര്‍ നടത്തുന്ന മുസ്‌ലിം വംശഹത്യയെ ആഘോഷിക്കുകയാണ്.

‘ക്ഷമക്കും അതിരുണ്ട്, സംയമം ദൗര്‍ബല്യമല്ല’ എന്നായിരുന്നു സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിന് കമന്റ് ബോക്‌സില്‍ വലിയ പിന്തുണയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നല്‍കിയത്. കേരളത്തിലും നമ്മള്‍ ദണ്ഡെടുത്ത് മുസ്‌ലിങ്ങളെ കൊല്ലാനിറങ്ങണമെന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ പോസ്റ്റിന് കമന്റ് ചെയ്യുന്നത്. ഡല്‍ഹിയില്‍ മാപ്പിള ലഹള നടക്കുകയാണെന്നും മുസ്‌ലിങ്ങള്‍ വാഗണ്‍ ട്രാജഡി ഓര്‍ക്കുന്നത് നല്ലതാണെന്നുമായിരുന്നു സി.പി സുഗതന്റെ ഭീഷണി.

ട്രംപ് പോവുന്നത് വരെ അമിത് ഷായും ഞങ്ങളും ക്ഷമിക്കുകയാണ്. ട്രംപ് പോയിക്കഴിഞ്ഞാല്‍ എല്ലാവരെയും കൊന്നുതള്ളുമെന്ന ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഭീഷണി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിദ്വേഷം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ മുന്നറിയിപ്പ് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ വീരവാദം മാത്രമായി ഒതുങ്ങുകയാണ്. ബി.ജെ.പി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ എതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

ഡല്‍ഹിയില്‍ മുസ്‌ലിമായതിന്റെ പേരില്‍ മാത്രം മനുഷ്യരെ തിരഞ്ഞുപിടിച്ച് തല്ലിക്കൊല്ലുമ്പോള്‍ അതിന് വ്യാപകമായ പിന്തുണയാണ് കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നല്‍കുന്നത്. സന്ദീപ് വാര്യരെപ്പോലെ അറിയപ്പെടുന്ന ഒരു ബി.ജെ.പി നേതാവ് ഡല്‍ഹി വംശഹത്യയെ പരസ്യമായി ന്യായീകരിച്ച് രംഗത്ത് വന്നതും കേരളത്തിലും ഉത്തരേന്ത്യന്‍ മാതൃകയില്‍ പരസ്യമായ തീവ്രവാദ നിലപാടിലേക്ക് ബി.ജെ.പി ചുവടുമാറ്റുന്നു എന്നതിന്റെ സൂചനാണ്.

SHARE