മാവോയിസ്റ്റ് വേട്ട: പിണറായി വിജയന് ആര്‍.എസ്.എസ് നേതാക്കളുടെ അഭിനന്ദന പ്രവാഹം

കോഴിക്കോട്: മാവോയിസ്റ്റുകളെന്നാരോപിച്ച് വെടിവെച്ചു കൊല്ലുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലും യു.എ.പി.എ ചുമത്തി അറസറ്റ് ചെയ്യുകയും ചെയ്യുന്ന പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം കനക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പരസ്യ പിന്തുണയുമായി സംഘപരിവാര്‍ സംഘടനകളും നേതാക്കളും രംഗത്തെത്തി. ആദ്യം രാഷ്ട്രം പിന്നെ രാഷ്ട്രീയം എന്ന നയവുമായി മുന്നോട്ട് പോവുന്ന പിണറായി വിജയനെ മാവോയിസ്റ്റുകളുടെ അന്തകനാണെന്ന് ഹനുമാന്‍ സേനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യു.എ.പി.എ ചുമത്തി ആളുകളെ വേട്ടയാടുന്നതിന് എല്ലാ വിധ പിന്തുണയും ഹനുമാന്‍ സേന വാഗ്ദാനം ചെയ്യുന്നുണ്ട്.

ആര്‍.എസ്.എസ്-ബി.ജെപി നേതാക്കളായ കെ.വി.എസ്. ഹരിദാസ്, സന്ദീപ് വാര്യര്‍, ടി.പി സെന്‍കുമാര്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ പിണറായിയെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും രംഗത്ത് വന്നിരുന്നു.

കോഴിക്കോട് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അര്‍ബന്‍ നക്‌സലുകളാണ് എന്നാണ് പൊലീസ് വാദം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഘപരിവാര്‍ വിമര്‍ശകരായ ഇടതുപക്ഷ ചിന്തകന്‍മാരെ വിശേഷിപ്പിച്ച പദമാണ് അര്‍ബന്‍ നക്‌സല്‍ എന്നത്. അതേ വാക്കുകളാണ് പൊലീസും കടമെടുക്കുന്നത്. അമിത് ഷായും പിണറായി വിജയനും പിന്തുടരുന്നത് ഒരേ നയങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് പിണറായിക്ക് ലഭിക്കുന്ന സംഘപരിവാര്‍ പിന്തുണ.

SHARE