മോദി ശിവലിംഗത്തിലെ തേളിനെപ്പോലെ; ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവന വെളിപ്പെടുത്തി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞതായി ശശി തരൂര്‍ എം.പി. മോദിയെക്കുറിച്ചുള്ള ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു ശശി തരൂരിന്റെ വെളിപ്പെടുത്തല്‍.ആര്‍.എസ്.എസ് നേതാവ് മോദിയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകനോടാണ് ഇങ്ങനെ പറഞ്ഞതെന്നും തരൂര്‍ വ്യക്തമാക്കി.

ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് എടുത്തു മാറ്റാന്‍ നോക്കിയാല്‍ കുത്തേല്‍ക്കും. ശിവലിംഗത്തിലിരിക്കുന്നതിനാല്‍ ചെരിപ്പൂരി അടിക്കാനുമാകില്ല’ -ഇതായിരുന്നു തരൂരിന്റെ വാക്കുകള്‍. കാരവന്‍ മാഗസിനിലെ മാധ്യമപ്രവര്‍ത്തകനായ വിനോദ് കെ ജോസിനോട് പേരുവെളിപ്പെടുത്താത്ത ഒരു ആര്‍.എസ്.എസ് നേതാവാണ് ഇക്കാര്യം പറഞ്ഞതെ്ന്നും തരൂര്‍ വ്യക്തമാക്കി.

മോദിയെ ബിംബവല്‍ക്കരിക്കുന്നതിനോട് ആര്‍.എസ്.എസില്‍ നിന്നു തന്നെ എതിര്‍പ്പുണ്ട്. മോദിയും ഹിന്ദുത്വവും ചേര്‍ന്നുള്ള മോദിത്വം ആര്‍.എസ്.എസിനേക്കാള്‍ വളരുകയാണെന്നും തരൂര്‍ പറഞ്ഞു. ശശി തരൂരിന്റെ പ്രസംഗത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

‘മോദിയോടുള്ള ആര്‍.എസ്.എസിന്റെ അസംതൃപ്തി വെളിവാക്കുന്നതാണ് ഈ വിശേഷണം.

കേന്ദ്ര സര്‍ക്കാരില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനെയും ശശി തരൂര്‍ വിമര്‍ശിച്ചു. ‘സി.ബി.ഐ ഡയറക്ടറെ മാറ്റുന്നത് ആഭ്യന്തരമന്ത്രി അറിയുന്നില്ല. വിദേശകാര്യനയം മാറുന്നതിനെക്കുറിച്ച് വിദേശകാര്യ മന്ത്രിക്ക് ധാരണയില്ല. റാഫേല്‍ ഇടപാടിലെ ധാരണകള്‍ മാറുന്നത് സംബന്ധിച്ച് അവസാന നിമിഷം മാത്രമാണ് പ്രതിരോധ മന്ത്രി പോലും അറിയുന്നത്’ ഇതെല്ലാം അധികാരം മോദിയില്‍ മാത്രമായി കേന്ദ്രീകരിക്കുന്നതിന്റെ ഫലമാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.