മുസ്‌ലിംകളെ കയ്യിലെടുക്കാന്‍ ആര്‍.എസ്.എസ്; വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കിയും ബുക്ക് വിതരണം ചെയ്തും പ്രഹസനം

ന്യൂഡല്‍ഹി: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്‌ലിംകളെ കയ്യിലെടുക്കാന്‍ പ്രഹസന അടവുകളുമായി ആര്‍.എസ്.എസ് രംഗത്ത്. മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണത്തിനായെന്ന വ്യാഖ്യാനത്തോടെ മുത്തലാഖ് ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് മറ്റു അടവുകളുമായി ബി.ജെ.പി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ മുസ്‌ലിം രാഷ്ട്രീയ് മഞ്ചിന്റെ നേതൃത്വത്തിലാണ് ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിധവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടും അനാഥ കുട്ടികള്‍ക്ക് പഠിക്കാന്‍ പുസ്തകം വിതരണം ചെയ്തുമാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മാത്രം 80 മണ്ഡലങ്ങില്‍ 700 കുടുംബങ്ങളെയാണ് പെന്‍ഷന്‍ പദ്ധതിക്കു കീഴില്‍ കൊണ്ടുവരുന്നത്. വാരാണസി, ഗോരഖ്പൂര്‍,ബുന്തേല്‍ഗണ്ഡ് എന്നീ പ്രദേശങ്ങളും ഇതില്‍ പെടുന്നു.

മുസ്‌ലിംകളുടെ ഉന്നമനത്തിന് വേണ്ടിയാണ് പ്രവര്‍ത്തനമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ പറയുന്നു. 500രൂപ വീതം വിധവകള്‍ക്ക് പെന്‍ഷനായി നല്‍കുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറയുന്നു. ചേരി പ്രദേശങ്ങളിലുള്ള 800കുടുംബങ്ങള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനും പുതിയ പദ്ധതി പ്രകാരം തീരുമാനമായിട്ടുണ്ട്. മോദിയുടെ ലോക്‌സഭാമണ്ഡലമായ വാരാണസിയിലാണ് 800കുടുംബങ്ങളും സ്ഥിതി ചെയ്യുന്നത്.

SHARE