തെലങ്കാനയില്‍ നിയമം കൈയിലെടുത്ത് ആര്‍.എസ്.എസിന്റെ വാഹനപരിശോധന!

ഹൈദരാബാദ്: ലോക്ക്ഡൗണില്‍ നിയമം കൈയിലെടുത്ത് ആര്‍.എസ്.എസിന്‍റെ വാഹനപരിശോധന. തെലങ്കാനയിലെ ചിലയിടങ്ങളിലാണ് ആര്‍.എസ്.എസ് യൂണിഫോമില്‍ കുറുവടിയുമേന്തി വാഹന പരിശോധന നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ തെലങ്കാന പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. വാഹന പരിശോധനയ്ക്ക് മറ്റാരെയും ഏല്‍പ്പിച്ചിട്ടില്ല എന്ന് രചകോണ്ട പൊലീസ് കമ്മിഷണര്‍ മഹേഷ് ഭാഗവത് വ്യക്തമാക്കി.

‘ഭോന്‍ഗിറില്‍ വ്യാഴാഴ്ച നടന്ന ചില ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തി. ആര്‍.എസ്.എസ് വളണ്ടിയര്‍മാരാണ് അതു ചെയ്തത് എന്ന് തിരിച്ചറിഞ്ഞു. ഞങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഞങ്ങള്‍ ചെയ്‌തോളാം എന്ന് അവരെ താഴ്മയായി അറിയിക്കുകയാണ്’ – ഭാഗവത് ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ചെക്ക് പോയിന്റില്‍ ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് പൊലീസിന്റെ ജോലിയാണ് എന്നും മറ്റാര്‍ക്കും അതിനുള്ള അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യദാദ്രി ഭുവനഗിരി ജില്ലാ ചെക്ക് പോസ്റ്റിലാണ് പത്തോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഐ.ഡി പ്രൂഫും ലൈസന്‍സും ആവശ്യപ്പെട്ടത്. ഇവര്‍ക്ക് സമീപം സംസ്ഥാന പൊലീസും നില്‍ക്കുന്നത് കാണാം. സ്വന്തം യൂണിഫോമില്‍ കുറുവടിയും മാസ്‌കും ധരിച്ചാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നില്‍പ്പ്.

ആര്‍.എസ്.എസ് നടപടിക്കെതിരെ സാമൂഹിക മാദ്ധ്യങ്ങളില്‍ ജനം ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. ആരാണ് ആര്‍.എസ്.എസിന് നിയമം കൈയിലെടുക്കാന്‍ അധികാരം തന്നത് എന്ന് അവര്‍ ചോദിച്ചു. തെലങ്കാന നിയമമന്ത്രാലം ഇക്കാര്യം ആര്‍.എസ്.എസിന് കൈമാറിയോ എന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസറുടെ ചോദ്യം.

ഇനി ആര്‍.എസ്.എസ് നേതാക്കള്‍ക്ക് കണ്ടാല്‍ വെടിവയ്‌ക്കേണ്ട ഉത്തരവാദിത്വം കൂടി നല്‍കുമോ എന്നായിരുന്നു മറ്റൊരു യൂസറുടെ ചോദ്യം.

SHARE