പാലക്കാട് മുസ്‌ലിം കുടുംബത്തിനു നേരെ ആര്‍.എസ്.എസിന്റെ ക്രൂര ആക്രമണം

പാലക്കാട്: വാളയാര്‍ കനാല്‍പിരിവില്‍ മുസ്‌ലിം കുടുംബത്തിനു നേരെ ആര്‍.എസ്.എസ് ആക്രമണം. ശനിയാഴ്ച അര്‍ധരാത്രിയാണ് കോങ്ങമ്പാറ ഫാം ഹൗസ് തൊഴിലാളികളായ യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആസിഫ്, ആസിഫിന്റെ ഭാര്യ നാജിയ, അര്‍ഷിദ്, അനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ ഫാമിനു സമീപത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ ആര്‍.എസ്.എസ് സംഘം സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെ അക്രമിക്കുകയായിരുന്നു.

രാത്രി 12 മണിയോടെ ഇവര്‍ ഫാം അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാഹനം പരിശോധിക്കുകയും മതപരമായ അധിക്ഷേപം നടത്തുകയും താടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. അസഭ്യം പറഞ്ഞതോടെ കുടുംബാംഗങ്ങള്‍ ചോദ്യംചെയ്തു. ഇക്കാര്യം പോലിസിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ 12ഓളം പേര്‍ ബൈക്കിലും മറ്റുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു. താടിയില്‍ പിടിച്ച് വലിച്ച് മര്‍ദ്ദിക്കുകയും നിങ്ങളെ വച്ച് വാഴിക്കില്ലെന്നു പറയുകയും ചെയ്തു. കമ്പിവടിയും മറ്റും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. നാലഞ്ചുപേര്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിച്ചു. വീട് അടച്ചപ്പോള്‍ വാതില്‍ ചവിട്ടിത്തുറന്നാണ് അക്രമികള്‍ അകത്തുകയറിയത്. പിഞ്ചുകുട്ടികളുടെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചതെന്നും പരിക്കേറ്റവര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ആക്രമണമാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയതെന്നും പരിക്കേറ്റവര്‍ പറഞ്ഞു.

‘ഞങ്ങള്‍ മുസ്‌ലിങ്ങള്‍ ആണെന്ന കാരണം പറഞ്ഞാണ് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചത്. നീ മുസ്‌ലിമല്ലേ എന്ന് ചോദിച്ചുകൊണ്ട് മുസ്‌ലിം വേഷധാരിയായ ഞങ്ങളിലൊരാളെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചക്കുകയായിരുന്നു’. യുവാക്കളിലൊരാളായ ആസിഫ് പറഞ്ഞു.

ആക്രമണം നടന്ന സമയത്ത് പൊലീസിനെ വിവരമറിയിച്ചുവെങ്കിലും ഇതുവരെയും പൊലീസ് മൊഴിയെടുക്കാന്‍ എത്തിയിട്ടില്ലെന്നും ആസിഫ് പറഞ്ഞു. പ്രദേശത്തെ പ്രധാന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

SHARE